ad
Deshabhimani

print edition വേട്ടയാടലിൽ പൊലിഞ്ഞത്‌ 
ഉയരങ്ങൾ താണ്ടിയ ബിസിനസ് യാത്ര

CJ Roy
avatar
സന്തോഷ്‌ ബാബു

Published on Jan 31, 2026, 02:23 AM | 1 min read

കൊച്ചി: ബിസിനസ് ഒരു പാര്‍ട്ട്‌ടൈം ഇടപാടല്ലെന്നും കൈയില്‍ പണമില്ലെങ്കില്‍ അത്‌ തുടങ്ങരുതെന്നും സംരംഭകരെ ഓര്‍മപ്പെടുത്തിയ ബിസിനസുകാരനായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. സി ജെ റോയ്. ബംഗളൂരുവിൽ ജനിച്ചുവളർന്ന് മലയാളിയായി ജീവിക്കുമ്പോഴും ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായുള്ള പഠനം റോയിയെ ബഹുരാഷ്ട്ര കാഴ്ചപ്പാട് പുലര്‍ത്തുന്ന ബിസിനസുകാരനാക്കി. ജീവിതയാത്രയുടെ അവസാനംകുറിച്ച ബംഗളുരുവിലാണ് 2006ല്‍ റോയി റിയൽ എസ്റ്റേറ്റ് ബിസിനസ് യാത്രയ്ക്ക് തുടക്കംകുറിച്ചതും.


ആത്മവിശ്വാസവും ദീര്‍ഘവീക്ഷണവും "കോണ്‍ഫിഡന്റിനെ' ശ്രദ്ധേയമാക്കി. ഗള്‍ഫിലെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടംനേടി. സ്ലൊവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസലായി. പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ ഇദ്ദേഹം വ്യത്യസ്തനായ ബിസിനസുകാരനായി.


അമ്മയില്‍നിന്നാണ് വ്യാപാരത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ചെറിയ പ്ലോട്ടുകളില്‍ വീടുകള്‍ പണിതുവിറ്റിരുന്ന അമ്മയുടെ അക്കൗണ്ടന്റായി 13–ാം വയസ്സില്‍. പഠനം പൂര്‍ത്തിയാക്കി ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയില്‍ ജോലിനോക്കി. 1994ൽ ജോലി ഉപേക്ഷിച്ച്‌ റിയൽ എസ്‌റ്റേറ്റിൽ. 2005ൽ കോൺഫിഡന്റ്‌ ഗ്രൂപ്പ്‌ തുടങ്ങി. ബംഗളൂരുവില്‍ 30 ഏക്കറില്‍ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയിൽ തുടക്കം. കാക്കനാട് ഭൂമി വാങ്ങി 96 ഫ്ലാറ്റുകളുടെ പാര്‍പ്പിടപദ്ധതിയൊരുക്കി. അത് വില്‍ക്കാന്‍ ഗള്‍ഫില്‍ റോഡ്‌ഷോ നടത്തി. ഒന്നും വിറ്റുപോയില്ലെങ്കിലും റോയി തളര്‍ന്നില്ല. നൂറെന്നത് 192 ഫ്ലാറ്റുകളാക്കി ഡൗണ്‍പേയ്‌മെന്റ് 10 ശതമാനമാക്കി. പലിശരഹിതവായ്പ ലഭ്യമാക്കിയതോടെ ഫ്ലാറ്റുകള്‍ ഒന്നൊഴിയാതെ വിറ്റു.


2012ൽ കാസനോവയിലൂടെ സിനിമ നിര്‍മാണത്തിലേക്കെത്തി. പിന്നീട് "മരക്കാർ അറബിക്കടലിലെ സിംഹം’ ഉള്‍പ്പെടെ സിനിമകള്‍ നിര്‍മിച്ചു. "ആദി’ ഉള്‍പ്പെടെ പല സിനിമകളിലും വേഷമിട്ടു. കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിർമിക്കാനുള്ള ദൗത്യം ഉള്‍പ്പെടെ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും റോയി പങ്കാളിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home