ad
Deshabhimani

ഉദ്യോഗസ്ഥ വേട്ട; അന്യായമായ സ്ഥലംമാറ്റങ്ങൾ വ്യാപകം

kerala secretariat
വെബ് ഡെസ്ക്

Published on May 09, 2026, 09:26 PM | 1 min read

തിരുവനന്തപുരം: ഉദ്യോഗസ്ഥ വേട്ട തുടർന്ന്‌ യുഡിഎഫ്‌ അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ. വിവിധ വകുപ്പുകളിലെ ക്ലർക്കുമാരെയും സഹകരണ വകുപ്പിലെ ഓഡിറ്റർമാരെയുമാണ്‌ ഒടുവിലായി സ്ഥലം മാറ്റിയത്‌. 400 ഓളം ജീവനക്കാർക്ക്‌ സ്ഥലം മാറ്റമുണ്ടായി. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത്‌ ജില്ലാട്രഷറർ ഹരിലാൽ, ജില്ലാ സെക്രട്ടറിയറ്റംഗം മനോജ്‌ കുമാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. സഹകരണ വകുപ്പിന്റെ കൊല്ലം ജില്ലയിലെ ഓഫീസുകളിൽ 52 ജീവനക്കാരെയും ദ്രോഹിച്ചു.


പലയിടങ്ങളിലും എൻജിഒ യൂണിയൻകാരെ തന്നെ തമ്മിൽ മാറ്റി നിയമിച്ചാണ്‌ ദ്രോഹനടപടി. പൊതുസ്ഥലം മാറ്റ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ്‌ ഇടതുപക്ഷ സർക്കാർ ജീവനക്കാരെ മാറ്റി നിയമിച്ചിരുന്നത്‌. അതിനാൽ എൻജിഒ അസോസിയേഷൻ നേതാക്കളും അനുക‍ൂല ജീവനക്കാരും ഡയറക്ടറേറ്റുകളിൽതന്നെ തുടർന്നിരുന്നു.


കണ്ണൂരിൽ ജോയിന്റ്‌ റജിസ്‌ട്രാർ ഓഫീസിൽ( സഹകരണം) 12 പേരെയും ജില്ലാമെഡിക്കൽ ഓഫീസിൽ നിന്ന്‌ ആറുപേരെയും മാറ്റി. വയനാട്‌ ജില്ലാമെഡിക്കൽ ഓഫീസിൽ അഞ്ചുപേരെയും ജോയിന്റ്‌ റജിസ്‌ട്രാർ ഓഫീസ്‌(സഹകരണം) 19 പേർ മാറ്റിയിട്ടുണ്ട്‌. ജില്ലാരജിസ്‌ട്രാർ ഓഫീസിൽനിന്ന്‌ ഒരാളെയും മറ്റിടത്തേക്ക്‌ മാറ്റി. കോഴിക്കോട്‌ 1, മലപ്പുറം 26, പാലക്കാട്‌ 11, പത്തനംതിട്ട 2, കോട്ടയം 13, എറണാകുളം 7 എന്നിങ്ങനെയാണ്‌ മറ്റുജില്ലകളിലെ കണക്ക്‌. ഡയറക്ടറേറ്റുകളിലും ദ്രോഹ നടപടിയുണ്ടായി. ഓഡിറ്റ്‌ 31, പ്ലാനിങ്‌ 1, സാമ്പത്തിക സ്ഥിതിവിവര കണക്ക്‌ 22, സാങ്കേതിക വിദ്യാഭ്യാസം 34, ഡ്രഗ്‌സ്‌ കൺട്രോൾ 10, മെഡിക്കൽ വിദ്യാഭ്യാസം 9, ജലസേചന വകുപ്പ്‌ 35, പിഡബ്ല്യുഡി 8, ലാന്റ്‌ റവന്യുകമ്മീഷണറേറ്റ്‌ 20, സഹകരണം 4, ജിഎസ്‌ടി 14, പൊതുവിദ്യാഭ്യാസം 5, ഹയർസെക്കൻഡറി 6, തദ്ദേശം 14 എന്നിങ്ങനെയാണ്‌ സ്ഥലം മാറ്റപ്പെട്ടവരുടെ കണക്ക്‌.അന്യായമായ സ്ഥലമാറ്റത്തെ നിയമപരമായും സംഘടനാപരമായും നേരിടുമെന്ന്‌ എൻജിഒ യൂണിയൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home