ad
Deshabhimani

print edition ഉയരം നോക്കാതെ ഉടൻ പെർമിറ്റ്‌ ; കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്ര ഭേദഗതിയുമായി സർക്കാർ

referendum
വെബ് ഡെസ്ക്

Published on Oct 28, 2025, 12:30 AM | 1 min read


തിരുവനന്തപുരം

അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നവയിൽ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയും മറ്റു ഇളവുകള്‍ വരുത്തിയും ചട്ടഭേദഗതിയുമായി സംസ്ഥാന സർക്കാർ. ഉയരം പരിഗണിക്കാതെ, 300 ചതുരശ്ര മീറ്റർ (3229.17 ചതുരശ്രയടി) വരെയുള്ള രണ്ടു നില കെട്ടിടങ്ങൾക്ക്‌ അപേക്ഷിച്ചാലുടൻ പെർമിറ്റ്‌ ലഭിക്കും. ഇതുൾപ്പെടെ കെട്ടിട നിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിനുള്ള ഭേദഗതികളാണ്‌ തദ്ദേശ വകുപ്പ്‌ തയ്യാറാക്കിയത്‌. നിർദേശങ്ങൾ നിയമവകുപ്പിന്റെ പരിശോധനയിലാണ്‌.


സംസ്ഥാനത്തെ കൂടുതൽ വ്യവസായ സ‍ൗഹൃദമാക്കാൻ ഉതകുന്ന മാറ്റങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. തദ്ദേശ അദാലത്തിലും നവകേരള സദസിലും ഉയർന്നുവന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചട്ടങ്ങൾ തയ്യാറാക്കിയത്. ഭൂരിഭാഗം വരുന്ന നിര്‍മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം അനുമതി ലഭ്യമാകും. ഇരുനില വീടുകൾക്ക്‌ ഏഴു മീറ്റർ ഉയരപരിധി ഒഴിവാക്കുന്നതോടെ 80 ശതമാനത്തോളം വരുന്ന വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടൻ നിർമാണ അനുമതി ലഭിക്കും.


സ്ഥലപരമായ വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത് ലൈസൻസിയുടെയും ഉടമസ്ഥന്റെയും ഉത്തരവാദിത്വത്തില്‍ എന്ന രീതിയില്‍ പെർമിറ്റ് ലഭിക്കും. നിർമാണം ആരംഭിച്ചശേഷം പ്ലിന്ത് ലെവലിൽ (തറ പൂർത്തിയായ ശേഷം) പരിശോധന നടത്തും. ഈ ഘട്ടത്തിൽ സമർപ്പിച്ച പ്ലാൻ പ്രകാരമല്ല നിർമാണമെന്ന് കണ്ടാൽ അനുമതി മരവിപ്പിക്കുകയും ഉടമസ്ഥനെതിരെയും പ്ലാൻ സാക്ഷ്യപ്പെടുത്തിയ ലൈസൻസിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും. സർക്കാർ കെട്ടിടങ്ങൾക്കും നിര്‍മാണത്തിന് മുന്നോടിയായി പെർമിറ്റ് നിർബന്ധമാക്കി. നിരവധി സർക്കാർ കെട്ടിടങ്ങൾ ചട്ടലംഘനങ്ങളോടെ നിർമാണം നടത്തുന്നതും ഇത് അപകടങ്ങളിലേക്കും നയിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. സർക്കാർ കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റിനുള്ള വിസ്‌തീർണം 100 ചതുരശ്ര മീറ്ററിൽനിന്ന്‌ 250 ആയി ഉയര്‍ത്തി. 200 ചതുരശ്ര മീറ്റർ (2152.78 ചതുരശ്രയടി) വരെ വിസ്‌തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയിലും ഗ്രീൻ കാറ്റഗറിയിലും ഉള്‍പ്പെട്ടതുമായ മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ്‌ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home