ബജറ്റ് ചർച്ച മറുപടിയിലും കേരളത്തിന് ഒന്നുമില്ല
print edition ദേശീയപാത വികസനം ; ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി
ദേശീയപാത വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനമായി കേരളം. 5,580.74 കോടി രൂപയാണ് കേരളം ദേശീയപാത വികസനത്തിനായി നൽകിയതെന്ന് പാർലമെന്റിൽ ജോൺ ബ്രിട്ടാസിനെ കേന്ദ്ര സർക്കാർ അറിയിച്ചു. ഹരിയാന (3,114 കോടി), ഉത്തർപ്രദേശ് (2,301 കോടി) സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇൗ രണ്ട് സംസ്ഥാനങ്ങളെക്കാൾ താരതമ്യേന കുറഞ്ഞ ഭൂപ്രദേശവും വളരെ കുറഞ്ഞ ദേശീയപാത ദൈർഘ്യവുമുള്ള കേരളം പദ്ധതിക്കായി നൽകിയ വിഹിതം, ഈ വലിയ സംസ്ഥാനങ്ങൾ നൽകിയതിനേക്കാൾ എത്രയോ അധികമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും ദേശീയപാത വികസനം സുഗമമാക്കുന്നതിന് സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള അസാധാരണമായ സാമ്പത്തിക ബാധ്യതയാണ് ഇത് അടിവരയിടുന്നത്.
യഥാർഥത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്ന ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിനായി, കിഫ്ബി വഴി വായ്‌പയെടുത്താണ് ഈ തുക സംസ്ഥാനം സമാഹരിച്ചത്. എന്നിട്ടും സംസ്ഥാനത്തിന്റെ ആകെ വായ്‌പാ പരിധി നിശ്ചയിക്കുമ്പോൾ കിഫ്ബി വഴിയുള്ള ദേശീയപാത വികസനത്തിനായി ചിലവഴിച്ച വായ്പ തുകകളെ അതിൽ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾ അംഗീകരിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
ബജറ്റ് ചർച്ച മറുപടിയിലും കേരളത്തിന് ഒന്നുമില്ല
ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് ചർച്ചയ്‌ക്കുള്ള മറുപടിയിലും കേരളത്തിന് ആശ്വാസമായി ഒന്നുമില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ബജറ്റിൽ ഒന്നുമില്ലെന്ന പ്രതിപക്ഷ എംപിമാരുടെ വിമർശനത്തിന് മറുപടിയായി നാളികേരത്തിനും കശുവണ്ടിക്കും ചന്ദനമരങ്ങൾക്കും മത്സ്യബന്ധന മേഖലയ്‌ക്കും വിഹിതം അനുവദിച്ചിട്ടുണ്ടെന്ന ഒഴുക്കൻ മറുപടിയാണ് ധനമന്ത്രി നൽകിയത്.
41 ശതമാനം നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന ആക്ഷേപവും മന്ത്രി നിഷേധിച്ചു. ധനകമീഷൻ നിർദേശിച്ചതുപ്രകാരം നികുതി വിഹിതം നൽകുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി എന്നാൽ സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ടതില്ലാത്ത സെസ്– സർചാർജ് വരുമാനത്തെ കുറിച്ച് പരാമർശിച്ചില്ല.
ബജറ്റ് ചർച്ചയ്‌ക്കുള്ള മറുപടിയിലും പുതിയ പ്രഖ്യാപനമൊന്നും നടത്താതിരുന്ന ധനമന്ത്രി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാനാണ് കൂടുതൽ താൽപ്പര്യമെടുത്തത്. പ്രധാനമന്ത്രി ഇന്ത്യയെ വിറ്റിട്ടില്ലെന്നും അങ്ങനെ വിൽക്കുന്നയാളല്ല മോദിയെന്നും നിർമല പറഞ്ഞു. യുപിഎ കാലത്താണ് വിൽപ്പന നടന്നതെന്നും 2013ൽ ബാലിയിൽ പോയി ഡബ്ല്യുടിഒ കരാറിൽ ഒപ്പിട്ടുകൊണ്ട് കർഷകരുടെയും ദുർബല ജനവിഭാഗങ്ങളുടെയും താൽപ്പര്യങ്ങളെ ബലി കഴിച്ചുവെന്ന് മന്ത്രി പറഞ്ഞു.










0 comments