കൈക്കൂലി കേസ്; മുൻ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് കഠിന തടവും പിഴയും

തിരുവനന്തപുരം : കൈക്കൂലി കേസിൽ പാലക്കാട് മണ്ണാർക്കാട് മുൻ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് കോടതി നാല് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി കെ കൃഷ്ണകുമാറി (62) നെയാണ് തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജ് കെ എം രതീഷ് കുമാർ ശിക്ഷിച്ചത്. പരാതിക്കാരന്റെ ഉടമസ്ഥതയിൽ പാലക്കാട് മണ്ണാർക്കാട് പ്രവർത്തിച്ചിരുന്ന ഫുട്‌വെയർ ആൻഡ് ഫാൻസി ഷോപ്പിലെ തൊഴിലാളികൾക്ക് മിനിമം വേതനം നൽകാതിരുന്നതിന് മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ എടുത്ത നടപടിയിൽ തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ എന്ന പേരിൽ 6,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്.
പരാതിക്കാരനും, സുഹൃത്തും ചേർന്ന് പാലക്കാട് മണ്ണാർക്കാട് ഫുട്‌വെയർ & ഫാൻസി ഷോപ്പ് നടത്തിയിരുന്നു. മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്ന് 2012 ജനുവരിയിൽ പരിശോധന നടത്തുകയും തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൊഴിലാളികൾക്കുള്ള കുടിശിക ശമ്പളം അടയ്ക്കുന്നതിനായി ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസ് പ്രകാരമുള്ള തുക അടയ്ക്കുന്നതിനായി രണ്ട് മാസത്തിന് ശേഷം മണ്ണാർക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ എത്തിയ ഉടമയോട് അസിസ്റ്റന്റ് ലേബർ ഓഫീസറായ കൃഷ്ണകുമാർ, ഈ തുക അടയ്ക്കേണ്ടതില്ലായെന്നും, പകരം വിഷയം തീർപ്പാക്കി നൽകുന്നതിന് തനിക്ക് കൈക്കൂലിയായി 6,000 രൂപ നൽകിയാൽ മതിയെന്നും പറഞ്ഞു.
തുടർന്ന് 6,000 രൂപ കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് പിടികൂടുകയായിരുന്നു. പാലക്കാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായ സതീശൻ കെ, സുകുമാരൻ, മുൻ ഇൻസ്‌പെക്ടർ ഫിറോസ് എം ഷെഫീഖ് എന്നിവരായിരുന്നു കേസിന്റെ അന്വേഷണം. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി കെ ഷൈലജൻ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1064 (വിജിലൻസ് ടോൾ ഫ്രീ നമ്പർ), 8592900900, 9447789100 (വാട്സാപ്പ്) എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.










0 comments