print edition ബിആർസികളെ അനാഥമാക്കി; പിരിച്ചുവിട്ടു

ബിജു കാർത്തിക്
Published on Sep 01, 2026, 12:00 AM | 1 min read
കണ്ണൂർ: സംസ്ഥാനത്തെ ബിആർസികളെ (ബ്ലോക്ക് റിസോഴ്‌സ് സെന്റർ) അനാഥമാക്കി സർക്കാരിന്റെ കൂട്ടപ്പിരിച്ചുവിടൽ. വിദ്യാഭ്യാസവകുപ്പിൽ സമഗ്രശിക്ഷാ കേരളയുടെ കീഴിൽ സംസ്ഥാനത്തുടനീളമുള്ള ബിആർസികളിൽ ദിവസവേതനത്തിൽ ജോലിചെയ്യുന്ന സിആർസി (ക്ലസ്റ്റർ റിസോഴ്സ് സെന്റർ) കോഓർഡിനേറ്റർമാരെയാണ് തിങ്കളാഴ്‌ച ഒറ്റയടിക്ക് പിരിച്ചുവിട്ടത്.
പകരം ചുമതലയോ നിയമനമോ നൽകിയിട്ടുമില്ല. കരാർ ജീവനക്കാരുടെ കരാർ പുതുക്കിയിട്ടില്ലെങ്കിലും പകരം നിയമനം വരുംവരെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ഓഫീസ് അറ്റൻഡർമാരെയും ഒന്നടങ്കം പിരിച്ചുവിട്ടു. 168 ബിആർസികളിലായി ആയിരത്തിയഞ്ഞൂറോളംപേർക്ക് ജോലി നഷ്ടമാകും.
സിആർസിയിലെ ഓരോ കോഓർഡിനേറ്റർമാർക്കാണ് പരിധിയിലെ തദ്ദേശസ്ഥാപനങ്ങളിലെ സ്‌കൂളുകളുടെ കോഓർഡിനേഷൻ ചുമതല. ഓരോ വിദ്യാലയത്തിന്റെയും ആവശ്യവും പ്രായോഗികതയും പരിഗണിച്ച് ഇവർ മുഖേനയാണ് തദ്ദേശസ്ഥാപനത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഫണ്ട് ലഭ്യമാക്കിയിരുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനവും ഇവർ നൽകിയിരുന്നു. ഒന്നാം ടേം പരീക്ഷകഴിഞ്ഞ് അധ്യയനം കൂടുതൽ ശക്തമാകുന്ന സമയത്തുള്ള പിരിച്ചുവിടൽ പാഠ്യപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗിന്റെ നിർബന്ധബുദ്ധിയിലാണ് ഇവരെ പിരിച്ചുവിട്ടത്. പകരം ലീഗ് അണികളെ നിയമിക്കാനാണ് നീക്കം.
ബിപിസിമാരായി നിലവിലുള്ളവർ അധ്യയന വർഷാരംഭത്തോടെ ഡെപ്യൂട്ടേഷൻ സേവനം അവസാനിപ്പിച്ച് സ്‌കൂളുകളിലേക്ക് തിരികെപ്പോയതോടെ യുഡിഎഫ് അനുകൂലികളെ നിയമിക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നുവെങ്കിലും തർക്കത്തെത്തുടർന്ന് മുടങ്ങി. സ്വകാര്യ അൺഎയിഡഡ് സ്‌കൂൾ മാനേജ്‌മെന്റ് ലോബിയുടെ സമ്മർദത്തിൽ ബിആർസികളുടെ പ്രവർത്തനം താളംതെറ്റിച്ച് പൊതുവിദ്യാലയങ്ങളെ തകർക്കാനും ലക്ഷ്യമിടുന്നുണ്ട്.










0 comments