print edition ബ്രഹ്‌മോസ് അടക്കമുള്ള പദ്ധതികൾ ; നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി അനുവദിക്കാൻ അനുമതി

ന്യൂഡൽഹി
ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് അടക്കമുള്ള കേന്ദ്രപദ്ധതികൾക്ക് തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ബ്രഹ്‌മോസ് എയ്റോസ്‌പേസിനായി 180 ഏക്കർ ഡിആർഡിഒയ്‌ക്കും കേന്ദ്രപൊലീസ് സേന സശസ്‌ത്ര സീമാ ബലിന്റെ ബറ്റാലിയൻ ആസ്ഥാനത്തിനും നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയ്‌ക്കുമായി 32 ഏക്കർ വീതവും നൽകണമെന്നായിരുന്നു സർക്കാരിന്റെ അപേക്ഷ. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
457 ഏക്കർ സ്വന്തമായുള്ള തുറന്ന ജയിലിന് 200 ഏക്കർ മാത്രം നിലനിർത്തി ബാക്കി 200 ഏക്കർ സംസ്ഥാനത്തിനുംകൂടി ഗുണകരമാകുന്ന പദ്ധതികൾക്ക് വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുറന്ന ജയിലുകളുടെ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി വേണം. ബ്രഹ്‌മോസ് എയ്റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിനും അത്യാധുനിക മിസൈൽ നിർമാണത്തിനുമായി ഭൂമി വിട്ടുനൽകണമെന്ന് ഡിആർഡിഒ കേരളത്തോട് അഭ്യർഥിച്ചിരുന്നു.









0 comments