print edition ബിപിസിഎൽ പോളിപ്രൊപ്പലിൻ പ്ലാന്റ് നിർമാണം വേഗത്തിൽ ; 5044 കോടിയുടെ പദ്ധതി

കൊച്ചി
കൊച്ചി റിഫൈനറിയോടുചേർന്ന് ബിപിസിഎൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ പദ്ധതിയുടെ പ്ലാന്റ് നിർമാണം അന്പലമേട് ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പെട്രോകെമിക്കൽ വ്യവസായ ഹബ്ബായി കേരളത്തെ മാറ്റാനുതകുന്ന പദ്ധതി, സംസ്ഥാന സർക്കാർ അന്പലമേട് സ്ഥാപിച്ച കിൻഫ്ര പെട്രോകെമിക്കൽ പാർക്കിന് വൻകുതിപ്പ് പകരുമെന്നാണ് കണക്കാക്കുന്നത്. 5044 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബിപിസിഎൽ പദ്ധതി 2027 ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
2023 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണ ജോലികൾ ഇൗ വർഷം ആദ്യമാണ് ആരംഭിച്ചത്. പാരിസ്ഥിതികാനുമതികൾ 2023 ൽത്തന്നെ ലഭിച്ചതോടെ, കഴിഞ്ഞവർഷം ആഗസ്‌തോടെ ഭൂമിയുടെ അപ്രൈസൽ പൂർത്തിയാക്കി. വൈകാതെ 800 കോടിയുടെ പർച്ചേസ് ടെൻഡറും 1200 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നിർമാണ ടെൻഡറും ക്ഷണിച്ചു. തുടർന്നാണ് ഇൗവർഷം ആദ്യം ഭൂമിയൊരുക്കൽ തുടങ്ങിയത്. പാറ പൊട്ടിച്ചുനീക്കിയും മണ്ണടിച്ചും നിരപ്പാക്കിയ സ്ഥലത്തിന് ചുറ്റും കൽമതിലും കെട്ടി. പൈലിങ് ഉൾപ്പെടെ ജോലികൾ ദ്രുതഗതിയിൽ നടക്കുന്നു.
വർഷം 400 കിലോ ടൺ പോളിപ്രൊപ്പലിൻ ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റാണ് ഇവിടെ പൂർത്തിയാകുക. പാക്കേജിങ് മുതൽ ഓട്ടോമൊബൈൽ ഘടകങ്ങൾക്കും പ്ലാസ്റ്റിക് നിർമാണത്തിനും ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവാണ് പോളിപ്രൊപ്പിലിൻ. ഇൗ പദ്ധതി മുന്നിൽക്കണ്ടാണ് റിഫൈനറിയോടുചേർന്നുള്ള ഫാക്‌ടിന്റെ 480 ഏക്കർ ഏറ്റെടുത്ത് സംസ്ഥാന സർക്കാർ കിൻഫ്രയുടെ പെട്രോകെമിക്കൽ പാർക്ക് സ്ഥാപിച്ചത്. പോളിപ്രൊപ്പലിൻ ഉൽപ്പാദനം ആരംഭിക്കുന്നതോടെ അത് ഉപയോഗിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ നിർമാണ ഫാക്‌ടറികൾ പാർക്കിലേക്ക് എത്തും. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന പദ്ധതികളാകുമിത്.








0 comments