Deshabhimani

print edition ആൺകുട്ടികൾക്കും മുടി വളർത്താം: ബാലാവകാശ കമീഷൻ

boy with long hair

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 19, 2026, 01:01 AM | 1 min read

തിരുവനന്തപുരം : ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും ഇഷ്ടപ്രകാരം തലമുടി വളർത്താൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. മുടി നീട്ടി വളർത്തുന്നതിന്റെ പേരിൽ കുട്ടികളെ സ്കൂളുകളിൽനിന്ന് മാറ്റിനിർത്തുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്‌. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച്‌ മുടി പരിപാലിക്കാനും ഡ്രസ്‌ കോഡ് തെരഞ്ഞെടുക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്‌.


അതേസമയം, കണ്ണുകളോ മുഖമോ മറയാതെ വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കണമെന്നും കായിക മത്സരങ്ങളിലും ലബോറട്ടറി ക്ലാസുകളിലും സുരക്ഷ മുൻനിർത്തി മുടി കെട്ടിവയ്‌ക്കണമെന്നും കമീഷൻ നിർദേശിച്ചു. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ പഠനപുരോഗതിക്കാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടത്‌. വിദ്യാഭ്യാസവകുപ്പും സിബിഎസ്ഇയും ഇതുസംബന്ധിച്ച് അടിയന്തരമായി മാർഗനിർദേശങ്ങൾ പുറത്തിറക്കണം.


ആൺകുട്ടിയോട് മുടി വെട്ടി വരണമെന്ന ആവശ്യത്തിൽ മാർഗനിർദേശങ്ങൾ തേടിയ കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലിന്റെയും തലമുടി നീട്ടി വളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ നേരിടുന്നുവെന്ന രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്റെയും ഹർജികളിലാണ്‌ നിർണായക ഉത്തരവ്‌. നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും കമീഷൻ അംഗം പി ഷാജേഷ് ഭാസ്കർ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home