print edition മെയ്‌ദിനത്തിൽ പിറന്നു; ‘മെയ്‌ദിനി’യായി

മെയ്‌ദിനി
ജി ഹരികുമാർ
Published on May 01, 2026, 01:03 AM | 1 min read
കായംകുളം: സാർവദേശീയ തൊഴിലാളിദിനം ‘മെയ്‌ദിനി’യുടെ ജന്മദിനമാണ്. വെള്ളിയാഴ്‌ച മെയ്‌ദിനി 68ാം പിറന്നാൾ ആഘോഷിക്കും. കമ്യൂണിസ്‌റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പികെവിയാണ് പേര് നിർദേശിച്ചത്.
മെയ്‌ദിനിയുടെ അച്ഛൻ വി ആർ ശർമ ഏലൂർ ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന് കമ്യൂണിസ്‌റ്റ് നേതാക്കളായ പി കെ വാസുദേവൻ നായർ, എസ്‌സിഎസ് മേനോൻ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പ്രശസ്‌ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്‌ണന്റെ ബന്ധു കൂടിയാണ് ഇദ്ദേഹം. ഏലൂർ ഫാക്ട് ക്വാർട്ടേഴ്‌സിൽ ഭാര്യ രാജം ശർമയ്‌ക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം.
1958 മെയ് ഒന്നിനാണ് വി ആർ ശർമയ്‌ക്ക് മകൾ ജനിച്ചത്. ചരിത്രദിനത്തിൽ പിറന്ന മകൾക്ക് അതുമായി ചേർന്ന പേര് നൽകാൻ പികെവിയാണ് നിർദേശിച്ചത്. അങ്ങനെ വി ആർ ശർമ പേരിട്ടു. ‘മെയ്‌ദിനി’.
വിവാഹത്തോടെയാണ് മെയ്‌ദിനി ആലപ്പുഴ ജില്ലയിലെ ഏവൂരിൽ എത്തിയത്. ഏവൂർ വടക്ക് കിഴക്കേമഠത്തിലാണ് താമസം. മെയ്ദിനിയുടെ ഭർത്താവ് ഹരിഹര കൃഷ്‌ണൻ എറണാകുളത്ത് സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്നു. 30 വർഷം മുൻപ് മരിച്ചു. മക്കളായ സ്വാതി ആർ കൃഷ്ണൻ, നീതി രാധാകൃഷ്ണൻ എന്നിവരോടൊപ്പമാണ് മെയ്ദിനി. മെയ്‌ദിനത്തിന്റെ ഉജ്വലമായ സ്‌മരണകൾ ചേർത്ത പേര് ലഭിച്ചതിൽ ഇവർക്ക് എന്നും സന്തോഷം മാത്രം.











0 comments