print edition ലോകം പറയുന്നു കൊച്ചി കാണണം

തിരുവനന്തപുരം
2026-ൽ നിർബന്ധമായും സന്ദർശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി കൊച്ചി. ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്‌ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്റെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്. പട്ടികയിലുൾപ്പെട്ട ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി. പത്ത് ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിങ് ഡോട്ട്കോം തയ്യാറാക്കിയത്.
നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്ന് ബുക്കിങ് ഡോട്ട്കോം വിലയിരുത്തുന്നു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വാസ്‌തുശില്‍പ്പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തു ചേരുന്ന നഗരമാണ് കൊച്ചി. ചൈനീസ് വലകള്‍, പൈതൃക കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്താരാഷ്‌ട്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നൽകുന്നു. ചരിത്രപരമായ കെട്ടിടങ്ങൾ, കൊച്ചി- മുസിരിസ് ബിനാലെപോലുള്ള ലോകോത്തര പരിപാടികൾ എന്നിവ നഗരത്തിന്റെ ആകര്‍ഷണങ്ങളാണ്. പാചകപാരമ്പര്യവും സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നു. ആലപ്പുഴയിലെ കായല്‍യാത്രയ്‌ക്കും മൂന്നാറിലെ കോടമഞ്ഞുമൂടിയ മലനിരകളിലേക്കും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള ട്രക്കിങ്ങിനും മാരാരി ബീച്ചിലെ സ്വര്‍ണ മണലിലെ വിശ്രമത്തിനും കൊച്ചിയിൽനിന്ന് എളുപ്പമെത്താം. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ലോകമെമ്പാടുനിന്നും മികച്ച യാത്രാസംവിധാനവുമുണ്ട് .









0 comments