ബോംബ് നിർമാണത്തിനിടെ സ്ഫോടനം; 2 ആർഎസ്എസ്സുകാർക്ക് പരിക്ക്

പാനൂർ: ബോംബ് നിർമാണത്തിനിടെ സംഭവിച്ച സ്ഫോടനത്തിൽ രണ്ട് ആർഎസ്എസ്സുകാർക്ക് ഗുരുതര പരിക്ക്. ശനി പകൽ മൂന്നോടെ പാനൂർ കൂറ്റേരി കനാൽ പരിസരം മഠത്തിന് സമീപംവച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. കൂറ്റേരിയിലെ സജീവ ആർഎസ്എസ്സുകാരായ കോന്തയുള്ളതിൽ സജിത്ത് കുമാർ (ആശ സജിത്ത്– 48), താഴെ കുനിയിൽ അരുൺകുമാർ ( ഉണ്ണീശൻ- 30) എന്നിവർക്കാണ് പരിക്ക്. ഉടൻ പാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കൈ വിരലുകൾ അറ്റു. ബോംബിന്റെ ചീളുകൾ കണ്ണുകളിൽ തെറിച്ചു കാഴ്ചക്ക് തകരാറ് സംഭവിച്ചതായും ശരീരമാസകലം മുറിവുകൾ പറ്റിയതായും പറയുന്നു. കൂറ്റേരി രക്തസാക്ഷി അരീക്കൽ അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആശ സജിത്ത് ഈയടുത്ത കാലത്താണ് ജയിൽ മോചിതനായത്. പാനൂർ നഗരസഭ മൂന്നാംവാർഡായ കൂറ്റേരിയിൽ വിജയിച്ച ബിജെപി സ്ഥാനാർഥിയുടെ വിജയാഹ്ലാദത്തിന്റെ മറവിൽ അക്രമം നടത്തുകയായിരുന്നു ലക്ഷ്യം. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments