print edition മുഖത്ത് പുഴവരിച്ച് അര്‍ബുദ ബാധിതൻ; 3 ആശുപത്രി കയറിയിറങ്ങിയിട്ടും ചികിത്സയില്ല

പ്രതീകാത്മക ചിത്രം
മാനന്തവാടി: അര്‍ബുദം ബാധിച്ച് മുഖത്ത് വ്രണം വന്ന ആദിവാസി വയോധികന് ചികിത്സാ നിഷേധം. പുഴുവരിക്കുന്ന മുഖവുമായി രോഗിയേയുംകൊണ്ട് നാട്ടുകാർ കയറിയിറങ്ങിയത് മൂന്ന് ആശുപത്രി. എന്നിട്ടും മതിയായ ചികിത്സയില്ല.
തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളനാണ് (66) ചികിത്സാ നിഷേധത്തിന് ഇരയായത്. അര്‍ബുദം ബാധിച്ച് അവശനിലയിലായിരുന്ന ബോളനെ തിരുനെല്ലി പഞ്ചായത്തിന്റെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കാട്ടിക്കുളം സ്‌നേഹഭവനിലെത്തിച്ച് പാലിയേറ്റീവ് പരിചരണം നൽകുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെതുടർന്ന് കഴിഞ്ഞ എട്ടിന് മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രണ്ടുദിവസം ഇവിടെ കിടത്തി. പാലിയേറ്റിവ് പരിചരണമാണ് ആവശ്യമെന്ന് പറഞ്ഞ് 10ന് ഇവിടെനിന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഇവിടെയെത്തിയപ്പോൾ ഷിഗല്ലയുടെ പേര് പറഞ്ഞ് ബോളനെ അഡ്‌മിറ്റാക്കാൻ തയ്യാറായില്ല. പരിശോധിച്ചുപോലും നോക്കാതെ നല്ലൂർനാട് ക്യാൻസർ സെന്ററിലേക്ക് പറഞ്ഞുവിട്ടു. ഇവിടെ ചികിത്സ നൽകിയില്ല. വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
മുഖത്തെ മുറിവിലെ പുഴുക്കളെ നീക്കംചെയ്യാതെ വാർഡിൽ കിടത്തി. സ്ഥിതി അതീവ ദയനീയമായതോടെ ആളുകൾ പ്രതിഷേധിച്ചു. ഇതോടെയാണ് ഭാഗികമായി ചികിത്സ ലഭിച്ചത്. അടുത്ത ബന്ധുക്കൾ ആരുമില്ലാത്ത ബോളനെ നാട്ടുകാരാണ് നോക്കിയിരുന്നത്. കൂടെനിൽക്കാൻ ആളില്ലാത്ത സാഹചര്യത്തിൽ സഹായിക്കണ്ടേ പട്ടികവർഗവകുപ്പും മുഖം തിരിച്ചു.










0 comments