തിരുവനന്തപുരത്തെ ഒരുവയസുകാരിയുടെ കൊലപാതകം; കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു

വിളപ്പിൽ (തിരുവനന്തപുരം): തിരുവനന്തപുരം വിളവൂർക്കലിൽ ഒരുവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയാണ് കേസിലെ പ്രതിയായ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവ് അഭിജിത്തുമായുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രിസ്റ്റി പൊലീസിന് നൽകിയ മൊഴി. ഇവരുടെ വിവാഹവാർഷിക ദിനത്തിലായിരുന്നു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഭർത്താവ് അഭിജിതിന് തന്നെ സംശയമാണെന്നും കുഞ്ഞ് തന്റേതല്ലെന്ന ആരോപണങ്ങൾപോലും ഭർത്താവിൽനിന്നുണ്ടായതായി ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. നാല് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പ്രസവശേഷം ക്രിസ്റ്റി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും പറയുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിലും മകളെ കൊല്ലുന്നതിലേക്കും നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അഭിജിത് സ്വകാര്യ ഫാർമസി കേന്ദ്രത്തിലെ ജീവനക്കാരനാണ്. അഭിജിത്തിന്റെ അമ്മൂമ്മ, അമ്മൂമ്മയുടെ സഹോദരി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ക്രിസ്റ്റി കുറ്റം സമ്മതിച്ചതായും ബാക്കി വിവരങ്ങൾ ചോദ്യംചെയ്താലേ ലഭ്യമാകുകയുള്ളൂവെന്നും സ്ഥലത്തെത്തിയ മലയിൻകീഴ് സിഐ ഉമേഷും എസ്‌ഐ വിൻസെന്റും പറഞ്ഞു.
വ്യാഴം ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ബന്ധുവായ ജസീല വന്നുനോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കാണുന്നത്. സമീപത്തെ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു. പ്രതി ക്രിസ്റ്റി പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളേജിലാണ്.










0 comments