print edition ബ്ലൂ ഇക്കോണമിയിൽനിന്ന് കേന്ദ്രം പിന്മാറണം : മത്സ്യത്തൊഴിലാളി ഫെഡറേഷൻ

കൊല്ലം
മത്സ്യത്തൊഴിലാളി സമൂഹത്തിന് തീരദേശം അന്യമാക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതി (നീല സമ്പദ് വ്യവസ്ഥ)യുടെ ഭാഗമായി ആഴക്കടൽ മീൻപിടിത്തവും കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സമുദ്രവിഭവ ചൂഷണത്തിനായി കേന്ദ്രം ആവിഷ്‌കരിച്ച ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായാണ് വിദേശകപ്പലുകൾക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ അവസരം ഒരുക്കുന്നത്. വൻകിട കപ്പൽ കമ്പനികളുടെ കടന്നുവരവ് ചെറുയാനങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് ഭീഷണിയാകും. അനുവദനീയ യാനങ്ങളുടെ മൂന്നുമടങ്ങ് നിലവിലുള്ളപ്പോഴാണ് വൻകിട കപ്പലുകൾക്കുകൂടി അനുമതി നൽകുന്നതെന്ന് പ്രമേയം വ്യക്തമാക്കി.
കൗൺസിൽ യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റ് എച്ച് ബെയ്‌സിൽലാൽ, സെക്രട്ടറി കെ അനിരുദ്ധൻ, പി സജി, ഗ്ലൈനസ് റൊസാരിയോ, ടോംസൺ ഗിൽബർട്ട് എന്നിവർ സംസാരിച്ചു.









0 comments