ad
Deshabhimani

print edition എല്ലാ കുറ്റവും എൽനിനോയ്‌ക്ക്‌

V D Satheesan.jpg
വെബ് ഡെസ്ക്

Published on Aug 04, 2026, 01:30 AM | 2 min read

തിരുവനന്തപുരം: യുഡിഎഫ്‌ അധികാരത്തിലേറിയശേഷം കേരളത്തിൽ എന്തുനടന്നാലും കുറ്റം ‘എൽനിനോ’യ്‌ക്ക്‌. ചൂടുകൂടിയാൽ എൽനിനോ, കറന്റുപോയാൽ എൽനിനോ, ഇപ്പോഴിതാ പ്രളയം വന്നപ്പോഴും കുറ്റം എൽനിനോയ്‌ക്ക്‌.


മൂന്നുദിവസമായി കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമഴ പെയ്‌തതും ഇനി വരുന്നതിന്റെയും ഉത്തരവാദിത്വം എൽനിനോയുടെ ‘തലയിൽ കെട്ടിവയ്‌ക്കാനാണ്‌’ സർക്കാർ ശ്രമം. മുഖ്യമന്ത്രി വി ഡി സതീശൻ തിങ്കളാഴ്‌ച വാർത്താസമ്മേളത്തിലൂടെ എൽനിനോയ്‌ക്ക്‌ എതിരെ ‘ആഞ്ഞടിച്ചു’. എൽനിനോയ്ക്ക് കാരണം കടലിലെ ജലം നീരാവിയായി മേഘങ്ങളിൽ തങ്ങിനിൽക്കുകയാണെന്നും അതെല്ലാംകൂടി പെയ്‌തിറങ്ങുന്പോൾ ഇനിയും തീവ്രമായ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി "പ്രവചിച്ചിട്ടുണ്ട്‌'.


കാലാവസ്ഥാ നിരീക്ഷണകേന്ദ്രംപോലും തീവ്രമഴയ്‌ക്ക്‌ എൽനിനോ പ്രതിഭാസവുമായി ബന്ധമില്ലെന്ന്‌ പറയുന്പോഴാണിത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്‌ടം സംഭവിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ തലയൂരാനാണ്‌ വിചിത്രവാദം നിരത്തുന്നത്‌. ക്യുമുലസ്‌ മേഘങ്ങൾ (കൂന്പാരമേഘങ്ങൾ) ഒത്തുക‍ൂടിയതാണ്‌ പല സ്ഥലത്തും മേഘവിസ്‌ഫോടനത്തിന്‌ സമാനമായ മഴ പെയ്‌തതിന്‌ കാരണമെന്ന്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി നീത കെ ഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്‌. ​



പ്രളയം നേരിടാൻ നടപടി 
സ്വീകരിച്ചെന്ന്‌ മുഖ്യമന്ത്രി


പ്രളയദുരന്തം നേരിടാൻ സർക്കാർ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. പത്തനംതിട്ടയിൽ മാത്രമാണ്‌ ചില പ്രശ്‌നങ്ങളുള്ളത്‌. ഇവിടേക്കും കോട്ടയത്തും എൻഡിആർഎഫ്‌ സേനയെ നൽകിയിട്ടുണ്ട്‌. ആവശ്യമെങ്കിൽ കണ്ണൂർ, വയനാട്‌ ജില്ലകളിലേക്കും സേനയെ അയക്കും. 15 പേർക്കാണ്‌ ജീവൻ നഷ്‌ടപ്പെട്ടത്‌. 316 ദുരിതാശ്വാസ ക്യാന്പുകളുകളിലായി 11,018 പേരാണുള്ളതെന്നും അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


165 ഹെക്‌ടറിൽ കൃഷി നശിച്ചു. 3596 കർഷകരെ ബാധിച്ചു. അണക്കെട്ടുകളിൽനിന്ന്‌ വെള്ളം ഒഴുക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്‌. എല്ലാ അണക്കെട്ടിലും ജലനിരപ്പ്‌ കുറവാണ്‌.


മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ സഹായംനൽകും. ദുരന്തസ്ഥലത്ത്‌ താമസിച്ചവർക്ക്‌ സ്ഥലം വാങ്ങി വീട്‌ പണിയാനുള്ള തുക പത്തിൽനിന്ന്‌ 12 ലക്ഷമാക്കി ഉയർത്തി. മറ്റിടങ്ങളിൽ വീടുവയ്‌ക്കാനുള്ള തുക നാലിൽനിന്ന്‌ ആറ്‌ ലക്ഷമായി ഉയർത്തി. കൃഷി നാശത്തിനുള്ള സഹായധനം വർധിപ്പിക്കും.


ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ക‍ൗൺസിലറെ സഹായിച്ച ആഭ്യന്തര വകുപ്പിന്റെ സർക്കുലർ സർക്കാർ പരിശോധിക്കുമെന്നും പറഞ്ഞു.



എന്താണ്‌ എൽനിനോ?


പസഫിക് സമുദ്രത്തിലെ ഉപരിതലജലം അസാധാരണമായി ചൂടുപിടിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ഇത്‌ മൺസൂണിനെ ദുർബലപ്പെടുത്തി, മഴക്കുറവ് ഉണ്ടാക്കി, കടുത്ത ചൂടും വരൾച്ചയും സൃഷ്ടിക്കും. ഇ‍ൗ പ്രതിഭാസം ലോകമെമ്പാടുമുള്ള മഴയുടെയും കാറ്റിന്റെയും ഘടനയെ മാറ്റും. ഇന്ത്യയെയും കേരളത്തെയും സ്വാധീനിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ശക്തി കുറയ്‌ക്കും. ഇതുകാരണം മഴക്കുറവും വരൾച്ചയുമുണ്ടാകും.


കേരളത്തിൽ സംഭവിച്ചത്‌


തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ സമുദ്രനിരപ്പിൽ തീരത്തിന് സമാന്തരമായി ന്യൂനമർദപാത്തി രൂപപ്പെട്ടിരുന്നു. ഇതിന്റെ സ്വാധീനത്താലാണ്‌ കേരളത്തിൽ കനത്ത മഴ പെയ്‌തത്‌. ജൂലൈ 31, ആഗസ്‌ത്‌ ഒന്ന്‌ തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ (24 മണിക്കൂറിൽ 7.-11 സെന്റീമീറ്റർ വരെ) അത്യന്തം കനത്തതോ (24 മണിക്കൂറിൽ 12-.20 സെന്റീമീറ്റർ വരെ) ആയ മഴയ്‌ക്കും ആഗസ്‌ത്‌ രണ്ടിന് കനത്ത (24 മണിക്കൂറിൽ 7.11 സെന്റീമീറ്റർ വരെ) മഴയ്‌ക്കും സാധ്യതയുണ്ട് എന്ന്‌ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നൽകിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home