print edition കള്ളപ്പണം കടത്ത്: പ്രതികൾക്ക് 6 വർഷം തടവ്

മഞ്ചേരി: പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് കള്ളപ്പണം കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ആറുവർഷവും തടവും 12,000 രൂപവീതം പിഴയും ശിക്ഷ. കോഴിക്കോട് കുന്ദമംഗലം പടനിലം മടവൂര്‍ ആരമ്പ്രം സ്വദേശികളായ ചെട്ടിയാന്‍കണ്ടിയില്‍ മുജീബ് (45), കരിപ്പൂര്‍ വീട്ടില്‍ റിയാസ് (36) എന്നിവരെയാണ് മഞ്ചേരി രണ്ടാം അഡീഷണൽ കോടതി ജഡ്ജി എ വി ടെല്ലസ് ശിക്ഷിച്ചത്. വധശ്രമം, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ മര്‍ദിക്കൽ, പൊതുമുതല്‍ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിലായാണ് ശിക്ഷ.
2017 നവംബര്‍ ഒന്നിന് പുലര്‍ച്ചെ കരുവാരക്കുണ്ട് നിലംപതിയിലാണ് കേസിനാസ്പദമായ സംഭവം. മേലാറ്റൂരിൽ പൊലീസ് വാഹന പരിശോധനയ്‌ക്കിടെ നിർത്താതെ പോയ പ്രതികളുടെ ഡസ്റ്റർ കാർ കരുവാരക്കുണ്ട് പൊലീസ് ഇരിങ്ങാട്ടിരി പാലത്തിനടുത്ത് തടഞ്ഞു. പരിശോധനക്കിടെ കരുവാരക്കുണ്ട് എസ്ഐ ജ്യോതീന്ദ്രകുമാറിനെയും സംഘത്തെയും പ്രതികൾ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനവും തകർത്തു. ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. വാഹനത്തിലെ രഹസ്യ അറകളിലായി ഒളിപ്പിച്ചനിലയിൽ രേഖകളില്ലാത്ത 1.19 കോടി രൂപ പിടിച്ചെടുത്തു. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി ഷാജു 24 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കി.










0 comments