പാസ്‌പോർട്ട് തിരികെ നൽകാതെ ഭീഷണി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: പലിശയ്ക്ക് വാങ്ങിയ പണം തിരികെ നൽകിയിട്ടും പണയം വച്ച പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബിജെപിക്കാരൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശി പണിക്കശേരി വീട്ടിൽ മാടത്ത ഷാനു എന്ന ഷനിലിനെയാണ് ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്തത്.
കരൂപ്പടന്ന പള്ളിനട സ്വദേശി സൈനബയാണ് ഷനിലിൽ നിന്ന് 2,00,000 രൂപ പലിശയ്ക്ക് കടം വാങ്ങിയത്. സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ചെക്ക് ലീഫുകളും പണയം വച്ചാണ് തുക മേടിച്ചത്.16,000 രൂപ പലിശയായി എടുത്തതിന് ശേഷം 1, 84,000 രൂപയാണ് സൈനബക്ക് ഷനിൽ നൽകിയത്. തുക തിരികെ നൽകി വിദേശത്ത് ജോലിക്ക് പോകുന്നതിന് പാസ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഷനിൽ കൊടുക്കുവാൻ തയ്യാറായില്ല. ഒരു ലക്ഷം കൂടി നൽകണമെന്നും അല്ലെങ്കിൽ ജീവിക്കുവാൻ അനുവദിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തി.
സൈനബയുടെ പരാതിയെ തുടർന്ന് ഒളിവിൽപ്പേയ പ്രതി കോടതി ഉത്തരവ് പ്രകാരം പൊലിസിന് മുമ്പാകെ ഹാജരാകുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ വധശ്രമമുൾപ്പെടെ 34 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷനിൽ. കാപ്പ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട എസ്എച്ച്ഒ എം എസ് ഷാജൻ, എസ്ഐമാരായ സി എം ക്ലീറ്റസ്, കെ എ സേവ്യർ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ കെ വി ഉമേഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.










0 comments