അച്ഛന്റെയോ ഭർത്താവിന്റെയോ പേര് എന്ന കോളത്തിൽ മറ്റുള്ളവർ എന്ന് രേഖപ്പെടുത്തി നൽകിയത് ബിജെപി നേതാവിന്റെ പേര്
17 വോട്ടർമാരുടെ രക്ഷിതാവ് ബിജെപി നേതാവ് ; കള്ളവോട്ട് ചേർക്കാൻ ബിജെപി അനുഭാവിയായ ഉദ്യോഗസ്ഥന്റെ സഹായം

കെ എ നിധിൻ നാഥ്
Published on Aug 14, 2025, 12:58 AM | 1 min read
തൃശൂർ
തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കൊള്ളയ്‌ക്ക് കൂടുതൽ തെളിവ്. നാട്ടിക അവിണിശേരി 69–ാം ബൂത്തിൽ 17 വോട്ടർമാരുടെ രക്ഷകർത്താവ് ബിജെപി നേതാവ്. പ്രാദേശിക ബിജെപി നേതാവായ സി വി അനിൽകുമാറിന്റെ പേരാണ് വോട്ടർമാരുടെ അച്ഛന്റെയോ ഭർത്താവിന്റെയോ പേരിനൊപ്പമുള്ളത്. അനിൽ കുമാർ 69–ാം ബൂത്തിലെ ബിജെപി ബൂത്ത് ഏജന്റുമായിരുന്നു.
അനിൽ കുമാറിന്റെ വോട്ട് സ്വന്തം വീടിന്റെ വിലാസത്തിലാണ്. 10/ 382 വീട്ടുനമ്പറിൽ ബൂത്തിലെ 404–ാം വോട്ടറാണ് ഇയാൾ. ഇൗ വിലാസത്തിൽ അനിൽകുമാർ, ഭാര്യ, മകൻ എന്നിവർക്കാണ് വോട്ടുള്ളത്. എന്നാൽ, 17 കള്ളവോട്ടും തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികയിൽ കൂട്ടിച്ചേർത്തതാണ്. വോട്ടർപട്ടികയിൽ 1432–1563 വരെയുള്ള നമ്പറിലാണ് 17 വോട്ട് ചേർത്തത്. ഇവരിൽ അഞ്ചുപേർ സ്‌ത്രീകളാണ്. 20 വയസ്സ് മുതൽ 61 വയസ്സുവരെയുള്ളവരുടെ വോട്ട് ഇങ്ങനെ ചേർത്തിട്ടുണ്ട്. അനിൽ കുമാറിന്റെ തറവാട് വീട് മറയാക്കിയാണ് ഇത് ചേർത്തത്. ഇൗ വീട്ടിൽ അനിൽകുമാറിന്റെ അമ്മ മാത്രമാണ് താമസിക്കുന്നത്. വോട്ടർ പട്ടികയിൽ 17പേരുടെയും വീടിന്റെ വിലാസം വ്യത്യസ്തവുമാണ്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ ബിജെപി അനുഭാവിയായ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഇത് ചെയ്‌തത്. വള്ളിശേരി സ്‌കൂളിലെ പ്യൂണായ അവിണിശേരി ചെറുവത്തേരി സ്വദേശിയാണ് ബിഎൽഒ. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ് ഇയാൾ. ഇൗ ബൂത്തിൽ 175 വോട്ടാണ് കൂട്ടിച്ചേർത്തത്. ഇതിൽ 174 വോട്ടർമാർക്കും വീട്ടുനമ്പറില്ല എന്നതും ശ്രദ്ധേയമാണ്.

വോട്ടർപ്പട്ടികയിൽ ഒന്നിൽ കൂടുതൽ വോട്ടുള്ള ബിജെപി
പ്രവർത്തകരായ ദീപക്, കിരൺ

രക്ഷിതാവിന്റെ സ്ഥാനത്ത് ബിജെപി നേതാവ് അനിൽകുമാറിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നു
ഒരു ബൂത്തിൽ 2 ബിജെപിക്കാർ 5 വോട്ട്
അവണിശേരിയിലെ 68–ാം ബൂത്തിൽ ബിജെപി പ്രവർത്തകരായ രണ്ട് സഹോദരങ്ങൾക്കുള്ളത് അഞ്ച് വോട്ട്. കിരണിന് മൂന്നും സഹോദരൻ ദീപകിന് രണ്ടും വോട്ടാണുള്ളത്. വോട്ടർ പട്ടികയിൽ 312,313, 314 നമ്പർ വോട്ടുകളാണ് കിരണിന്റേത്. 315,316 നമ്പറുകളിലാണ് ദീപകിന് വോട്ടുള്ളത്.
അഞ്ച് വോട്ടിനും വ്യത്യസ്ത വോട്ടർ ഐഡി നമ്പറുമുണ്ട്. ഇവരുടെ വയസ്സും ഫോട്ടോയും വ്യത്യസ്‌തമാണ്. അതേസമയം, വീട്ട് നമ്പർ, അച്ഛന്റെ പേര്, വിലാസം എന്നിവ അഞ്ചിലും ഒന്നുമാണ്.









0 comments