വ്യാജ വോട്ടുചേർക്കാൻ പ്രഭാരിക്ക് പ്രത്യേക ചുമതല
കൗൺസിലറുടെ വീട്ടുവിലാസത്തിൽ ബിജെപി ഉപാധ്യക്ഷനടക്കം 5 പേർക്ക് വോട്ട്

തൃശൂർ
തൃശൂർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുമുന്നോടിയായി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റും തൃശൂർ കോർപറേഷൻ കൗൺസിലറുമായ വി ആതിരയുടെ വീട്ടുവിലാസത്തിലും വോട്ട് ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്ത്. പൂങ്കുന്നം ഡിവിഷൻ കൗൺസിലറായ ആതിരയ്‌ക്ക് പള്ളിപ്പെറ്റ എന്ന വീട്ടുവിലാസത്തിൽ കേരളവര്‍മ കോളജിലെ 53ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. ഇതേ വിലാസത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മലപ്പുറം സ്വദേശി വി ഉണ്ണിക്കൃഷ്ണൻ, ബിജെപി പ്രൊഫഷണൽ സെൽ സംസ്ഥാന ജോയിന്റ് കോ–ഓർഡിനേറ്റർ കാസർകോട് സ്വദേശി ആദർശ് ദാമോദരൻ എന്നിവ രുടേതടക്കം അഞ്ച് വോട്ടുകളാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർത്തത്.
തൃശൂർ ശ്രീ കേരള വർമ കോളേജിൽ 445-ാം നമ്പർ വോട്ടറാണ് ഉണ്ണിക്കൃഷ്ണൻ. ആദർശ് 380ാം വോട്ടറും. ആദർശിന്റെ സഹോദരനും കാസർകോട് സ്വദേശിയുമായ ആഷിസ് ദാമോദരന് തൃശൂരിൽ പൂങ്കുന്നത്തുള്ള ടെമ്പിൾ ടവർ ഫ്ലാറ്റിൽ വോട്ട് ചേർത്തിട്ടുണ്ട്.
ആതിരയുടെ ബന്ധുവും പാലക്കാട് സ്വദേശിയുമായ ഉമ, ഭർത്താവ്, മകൻ എന്നിവരുടെ വോട്ടും ആതിരയുടെ വിലാസത്തിൽ ചേർത്തു. കഴിഞ്ഞ തദ്ദേശ ഭരണതെരഞ്ഞെടുപ്പിൽ പാലക്കാട് നാഗലശേരി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഉമ. ഉമയ്‌ക്കും കുടുംബത്തിനും നാഗലശേരിയിലും വോട്ടുണ്ട്.
വ്യാജ വോട്ടുചേർക്കാൻ പ്രഭാരിക്ക് പ്രത്യേക ചുമതല
തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി. മലപ്പുറത്തുനിന്നുള്ള സംസ്ഥാന നേതാവിന് ഇതിനുള്ള ചുമതല നൽകുകയായിരുന്നു . തൃശൂരിൽ പ്രഭാരിയായി എത്തി മാസങ്ങളോളം താമസിച്ചാണ് വോട്ട് ചേർക്കുന്ന പ്രവർത്തനം ഏകോപിപ്പിച്ചത്. തൃശൂർ നഗരത്തിലാണ് ഇതിന് കൂടുതൽ ശ്രദ്ധ നൽകിയത്.
ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു വോട്ട് ചേർത്തത്. ബിജെപിക്കാരുടെയും അനുഭാവികളുടെയും ഫ്ലാറ്റുകളും വീടുകളുമാണ് പ്രധാനമായി ഉപയോഗിച്ചത്. വിദേശത്തും മറ്റുമുള്ളവരുടെ ഫ്ലാറ്റുകളും വീടുകളും വാടകയ്‌ക്ക് എടുത്തും വോട്ട് ചേർത്തു.
തൃശൂർ നഗരത്തിനൊപ്പം പുതുക്കാട്, നാട്ടിക, ഗുരുവായൂർ, മണലൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ ആറ് മണ്ഡലങ്ങളിലെ ബിജെപി സ്വാധീന മേഖലകളിലും സമാനമായി വോട്ട് ചേർത്തതായി ബിജെപി നേതാവ് പറഞ്ഞു.
ബിജെപിക്ക് അനുകൂലമായി 60,000 വോട്ട് ചേർക്കുകയായിരുന്നു ലക്ഷ്യം. 40,000–45,000 വോട്ടുകൾ ചേർക്കാനായി. ഇതിൽ നാലായിരത്തോളം വോട്ടുകൾ മാത്രമാണ് പോൾ ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ടിൽ മറുപടിയില്ലാതെ സുരേഷ് ഗോപി
തൃശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ മറുപടിയില്ലാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. കള്ളവോട്ടുകള്‍ പിടിക്കപ്പെട്ടതിന് ശേഷം ആദ്യമായി തൃശൂരിൽ എത്തിയ സുരേഷ് ഗോപിയോട് മാധ്യമ പ്രവർത്തകർ ചോദ്യം ചോദിച്ചുവെങ്കിലും ഒന്നും പ്രതികരിച്ചില്ല. ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’ എന്ന് മാത്രമാണ് സുരേഷ്‌ഗോപി പരിഹാസത്തോടെ പറഞ്ഞത്. ബുധൻ രാവിലെ 9.30ഓടെയാണ് തൃശൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയത്.









0 comments