print edition സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികൾ; ക്രെഡിറ്റ് അടിച്ചെടുക്കാൻ ബിജെപി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളുടെ പിതൃത്വവും സ്വന്തം പേരിലാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ വസ്‌തുതാ വിരുദ്ധ പ്രചാരണവുമായി ബിജെപി. ബിജെപി സംസ്ഥാന കമ്മിറ്റി പ്രചരിപ്പിക്കുന്ന നോട്ടിസിലാണ് വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ യാഥാർഥ്യമാക്കിയത് കേന്ദ്രസർക്കാർ ആണെന്ന തെറ്റായ വിവരങ്ങൾ ഉള്ളത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന് ചെലവ് 8866.80 കോടി രൂപയാണ്. ഇതിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരിന്റേതാണ്.
തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുത്തിട്ടുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ വിഹിതം 2454 കോടി രൂപ. കേന്ദ്രത്തിൽനിന്ന് 817.80 കോടിയാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ട്(വിജിഎഫ്). എന്നാലിത് ഗ്രാന്റായല്ല പകരം വായ്‌പയായാണ് നൽകുക. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ഗ്രാന്റായി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇതുപ്രകാരം തിരിച്ചടവ് ഏകദേശം 10,000 മുതൽ 12,000 കോടിവരെ വരും. തുറമുഖത്തുനിന്ന് 2034ൽ വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ മുതൽ തിരിച്ചടവ് തുടങ്ങണം. ഇൗ തുക ഇതുവരെ ലഭിച്ചിട്ടുമില്ല.
പിഎംഎവൈ പദ്ധതിയിൽ 1.71 ലക്ഷം വീട് നിർമിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ 4,71,442 വീടുകളാണ് നിർമിച്ചു നൽകിയത്. 1,26,660 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതിൽ പിഎംഎവൈ പദ്ധതിയിൽ 72,000 രൂപ കേന്ദ്രസഹായം ലഭിക്കുന്ന വീടുകളും ലൈഫിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപ സർക്കാർ ഉറപ്പാക്കുന്നു. ലൈഫ് ഭവന പദ്ധതിക്കായി സംസ്ഥാന സർക്കാർ 16,272 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രമാകട്ടെ 2,301 കോടിയും. ഇതെല്ലാം മറച്ചുവച്ചാണ് ബിജെപിയുടെ വ്യാജപ്രചാരണം.
ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതും 11 കോടി തൊഴിൽദിനങ്ങൾ വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതും മറച്ചുവച്ച് പദ്ധതിയിൽ വലിയ നേട്ടമെന്നാണ് ബിജെപിയുടെ അവകാശവാദം. ദേശീയപാത 66 പോലൊരു ബൃഹത് പദ്ധതിക്ക് പണം ചെലവിടുന്ന ഏക സംസ്ഥാനമാണ് കേരളം. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. കേന്ദ്രം മുടക്കുന്ന പണം ടോളായി പിരിച്ചെടുക്കും. ഇൗ യാഥാർഥ്യങ്ങളും ബിജെപി മറച്ചു വയ്‌ക്കുകയാണ്.









0 comments