print edition കൗൺസിൽ വിളിക്കുന്നത് നീട്ടാൻ ബിജെപി നിർദേശം; സുഗതൻ അയോഗ്യതയുടെ വക്കിൽ


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 13, 2026, 01:25 AM | 1 min read
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലടച്ച ബിജെപി കൗൺസിലർ സുഗതൻ ഒരു കൗൺസിൽ യോഗത്തിൽക്കൂടി പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. ഒരുമാസത്തിലേറെ ഒളിവിലായിരുന്ന ഇയാൾ, ഇൗ കാലയളവിൽ നടന്ന രണ്ട് യോഗങ്ങളിലും പങ്കെടുത്തിട്ടില്ല. അവധി അപേക്ഷയും നൽകിയിട്ടില്ല. ജയിലിലടച്ചതിനാൽ ഇനി ചേരുന്ന കൗൺസിലിൽ പങ്കെടുക്കാനുമാകില്ല. അതോടെ മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് ഇയാൾ അയോഗ്യനാകും. ഒരു സ്വതന്ത്ര കൗൺസിലറുടെമാത്രം പിൻബലത്തിൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിക്ക് സ്വന്തം അംഗം അയോഗ്യനായാൽ കനത്ത തിരിച്ചടിയാകും. ഇൗ സാഹചര്യം മറികടക്കാൻ കൗൺസിൽ വിളിച്ചുചേർക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് മേയർക്ക് ബിജെപി നൽകിയ നിർദേശം.
മെയ് 12നാണ് അവസാനമായി കൗൺസിൽ ചേർന്നത്. ഒരുമാസം പിന്നിട്ടിട്ടും പുതിയ കൗൺസിൽ വിളിച്ചുചേർക്കുന്നില്ലെന്ന് അംഗങ്ങൾ പറയുന്നു. കൗൺസിൽ വിളിക്കുന്നത് പരമാവധി വൈകിപ്പിച്ച്, സുഗതന് ജാമ്യം നേടിയെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. കാപ്പ നിയമം അനുസരിച്ച് ഒരുവർഷംവരെയാണ് കരുതൽ തടങ്കൽ. ഹൈക്കോടതിക്കുകീഴിലുള്ള കാപ്പ അപ്പീൽ ബോർഡിൽ ജാമ്യത്തിന് അപേക്ഷിക്കാനാണ് നീക്കം. ഒരുമാസത്തെ കരുതൽ തടങ്കലിനുശേഷം ജാമ്യം നേടിയെടുക്കാനായാൽ അതിനുശേഷം കൗൺസിൽ വിളിച്ചാൽ മതിയെന്നും ബിജെപി നിർദേശിച്ചിട്ടുണ്ട്.
സുഗതനെ എത്രയുംവേഗം പുറത്തിറക്കാനുള്ള എല്ലാ നിയമസഹായവും നൽകാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മഴക്കെടുതി, തെരുവുനായശല്യം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കണമെന്ന് എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ നിരന്തരം ആവശ്യപ്പെട്ടിട്ടും മേയർ ചെവിക്കൊള്ളുന്നില്ല. ഒളിവിലുള്ള സുഗതന് പങ്കെടുക്കാൻ കഴിയില്ലെന്നും അതിനാൽ അയോഗ്യനാകുമെന്നും ഉറപ്പുള്ളതിനാലാണ് കൗൺസിൽ വിളിച്ചുചേർക്കാൻ ഭയക്കുന്നത്. ഇതിനെതിരെ സമരം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം.
കൗൺസിലിൽ പങ്കെടുത്തിട്ടില്ലെന്ന് സമ്മതിച്ച് മേയർ
ബിജെപി കൗൺസിലർ സുഗതൻ രണ്ട് കൗൺസിലിൽ പങ്കെടുത്തിട്ടില്ലെന്ന് സമ്മതിച്ച് മേയർ വി വി രാജേഷ്. അവധി അപേക്ഷ നൽകിയിട്ടുണ്ടോ എന്നറിയില്ലെന്നും രേഖകൾ പരിശോധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു കൗൺസിലിൽകൂടി പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കപ്പെടില്ലേ’– എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അടുത്ത കൗൺസിലിൽ പങ്കെടുക്കുമോ എന്ന് നമുക്ക് നോക്കാം’ എന്നായിരുന്നു മറുപടി.










0 comments