print edition കാപ്പ പ്രതിക്കും ഒപ്പിൽ കൃത്രിമം കാട്ടിയ മേയർക്കും സംരക്ഷണം; പൊലീസിനെ ഭീഷണിപ്പെടുത്തി ബിജെപി മാർച്ച്


സ്വന്തം ലേഖകൻ
Published on Oct 11, 2026, 01:00 AM | 1 min read
തിരുവനന്തപുരം : കാപ്പ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൗൺസിലർ സുഗതന്റെ ഒപ്പ് കൗൺസിൽ യോഗ രജിസ്റ്ററിൽ വ്യാജമായി രേഖപ്പെടുത്തിയതിൽ ഒന്നാംപ്രതിയായ മേയറെ സംരക്ഷിക്കാൻ പൊലീസിനെ വിരട്ടി മ്യൂസിയം സ്റ്റേഷനിലേക്ക് ബിജെപി മാർച്ച്. പൊലീസ് അന്വേഷണം അട്ടിമറിക്കാനും തടസ്സപ്പെടുത്താനുമാണ് മേയറുടെയും ബിജെപിയുടെയും നീക്കം. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കഴന്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മേയറെ ഒന്നാംപ്രതിയും കോർപറേഷൻ സെക്രട്ടറിയെ രണ്ടാംപ്രതിയുമാക്കി കേസെടുത്തത്.
എഫ്‌ഐആർ ഇട്ട് മുന്നോട്ടുപോകുന്നതിനെ ഭീഷണിപ്പെടുത്തി ചെറുക്കുകയാണ് ബിജെപിതന്ത്രം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കി കേസ് അട്ടിമറിക്കാനാണ് ശ്രമം. മേയറുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോർപറേഷനുമുന്നിൽ എൽഡിഎഫ് സംഘടിപ്പിച്ച ധർണയ്ക്കിടെയെത്തി സംഘർഷം സൃഷ്ടിക്കാനും മേയർ ശ്രമം നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹമുണ്ടായിട്ടും മേയറെ ആക്രമിച്ചുവെന്ന നുണ പ്രചരിപ്പിക്കാൻ ശ്രമിച്ചതും പാളി. ഇതോടെയാണ് സ്റ്റേഷൻ മാർച്ച് നടത്തി കേസ് അട്ടിമറിക്കാൻ നീങ്ങിയത്. അന്വേഷണം നേരിടുന്ന മേയർ തൽസ്ഥാനത്ത് തുടരുന്നത് ജനാധിപത്യമര്യാദയല്ലെന്നും അടിയന്തരമായി ഹാജർ രജിസ്റ്റർ പൊലീസ് പിടിച്ചെടുക്കണമെന്നും എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് ആവശ്യപ്പെട്ടു.









0 comments