print edition ബിജെപി നിയമസഭാ കക്ഷിനേതാവ്: കൂടുതൽ പിന്തുണ മുരളീധരന്; തീരുമാനം ദേശീയസമിതിക്ക്

വി മുരളീധരൻ
തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷിനേതാവായി വി മുരളീധരന് അനുകൂലമായി ചർച്ചകൾ നടന്നെങ്കിലും രാജീവ് ചന്ദ്രശേഖറിന്റെ പിടിവാശി കാരണം സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. തീരുമാനം ദേശീയസമിതിക്ക് വിട്ടു. കേന്ദ്രനേതൃത്വവും മുരളീധരനെയാണ് നിർദേശിച്ചത്.
ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡം വേണമെന്നാണ് മുരളീധരൻ ആവശ്യപ്പെട്ടത്. കെ സുരേന്ദ്രനടക്കമുള്ളവരും ഒപ്പംനിന്നു. രാജീവ് ചന്ദ്രശേഖറിന്റെ പക്ഷത്തുള്ള എം ടി രമേശ്, നിയമസഭാ കക്ഷിനേതാവായി തുടരാൻ യോഗ്യൻ വി മുരളീധരനാണെന്ന് അഭിപ്രായപ്പെട്ടത് രാജീവ് ക്യാന്പിനെ ഞെട്ടിച്ചു. രാഷ്‌ട്രീയം പറഞ്ഞുനിൽക്കാൻ രാജീവ് ചന്ദ്രശേഖറിന് ഭാഷാപരമായ പ്രശ്‌നമുണ്ടെന്ന് രമേശ് ചൂണ്ടിക്കാട്ടി.
രണ്ടുദിവസമായി നടന്ന കോർ കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശമുണ്ടായി. മൂന്ന് സീറ്റിൽ വിജയിച്ചെങ്കിലും വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെ നിർത്താത്തതിലും സാധ്യതയുള്ള മണ്ഡലങ്ങൾ ഘടകകക്ഷിക്ക് നൽകിയതിലും എതിർപ്പുണ്ടായി. ശോഭാ സുരേന്ദ്രനടക്കം മണ്ഡലം മാറി മത്സരിച്ച പ്രവണത ശരിയല്ലെന്നും വിമർശമുണ്ടായി.
യുഡിഎഫ് ഭരണച്ചുമതല ഏറ്റെടുക്കുംമുന്പേയുള്ള മഹിളാമോർച്ചയുടെ സമരം തിരിച്ചടിയായി. മുതിർന്ന നേതാക്കന്മാരുമായി കൃത്യമായ കൂടിയാലോചന നടത്തിയില്ല. രാജീവ് ചന്ദ്രശേഖറും എസ് സുരേഷും അനൂപും ചേർന്നുള്ള കിച്ചൻ ക്യാബിനറ്റ് ചേർന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെതിരെ ഭൂരിഭാഗം അംഗങ്ങളും ആഞ്ഞടിച്ചു. നേമത്ത് വിജയിച്ചിട്ടും നന്ദിപര്യടനം നടത്തിയില്ല. മണ്ഡലത്തിൽ ഇത് വലിയ വിമർശത്തിലേക്ക് പാർടിയെ കൊണ്ടെത്തിച്ചെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ ആക്ഷേപമുയർന്നു.











0 comments