ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശസഹായം? വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

വിഷ്ണു വർധൻ റെഡ്ഡി
കൊച്ചി : ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ബിജെപിയുടെ വിദ്വേഷ നിലപാട് ആവർത്തിച്ച് ബിജെപി ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്തിനാണ് വിദേശസഹായമെന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) വിവാദ ഭേദഗതികൾ കർശനമായി നടപ്പാക്കുമെന്നും റെഡ്ഡി പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി ആർ ശിവശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു റെഡ്ഡി.
ന്യൂനപക്ഷ സംഘടനകൾ രാജ്യത്തിനകത്തുനിന്നുള്ള ഫണ്ട് കൊണ്ട് മാത്രമേ പ്രവർത്തിക്കാവൂ എന്ന വിചിത്ര വാദമാണ് റെഡ്ഡി മുന്നോട്ടുവെച്ചത്. എറണാകുളത്തിന്റെ സംഘടനാ ചുമതലയുള്ള നേതാവാണ് റെഡ്ഡി.
ന്യൂനപക്ഷ വിഭാഗങ്ങളെ അവഹേളിക്കുന്ന നിലപാടാണ് സ്ഥാനാർഥി പി ആർ ശിവശങ്കറും സ്വീകരിച്ചത്. വിദേശ സംഭാവനക്കായി ന്യൂനപക്ഷങ്ങൾ യാചിച്ചുനിൽക്കുന്നു എന്ന നിലയിലാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്ന് പരിഹസിച്ച ശിവശങ്കർ ഇതിൽ ഗൗരവകരമായ പ്രശ്നങ്ങളില്ലെന്നും അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടികളെ ന്യായീകരിച്ചുകൊണ്ടാണ് ബിജെപി നേതാവും സ്ഥാനാർഥിയും രംഗത്തെത്തിയത്.
അതേസമയം വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്ന മതന്യൂനപക്ഷ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ ട്രസ്റ്റുകൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വിദേശ സഹായം സ്വീകരിക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനെന്ന വ്യാജേനയാണ് കേന്ദ്രം ഈ നീക്കം നടത്തുന്നത്. എന്നാൽ, യഥാർത്ഥത്തിൽ ബിജെപിയുടെ വർഗീയ അജണ്ടകൾക്ക് തടസ്സമാകുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അടിച്ചമർത്തുകയാണ് ലക്ഷ്യം.











0 comments