ബിജെപി സർക്കാർ തനിനിറം പുറത്തുകാട്ടി; എൽപിജി വിലവർധനയിൽ ശക്തമായ പ്രക്ഷോഭമുയർത്തുക: സിപിഐ എം

തിരുവനന്തപുരം: കോർപറേറ്റുകളുടെ താൽപര്യം മുൻനിർത്തി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ചരിത്രത്തിലില്ലാത്തവിധം വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ പ്രക്ഷാഭമുയർത്താൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ബഹജനങ്ങളോടും പാർടി ഘടകങ്ങളോടും ആഹ്വാനംചെയ്‌തു. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ബിജെപി സർക്കാർ തനിനിറം പുറത്തുകാട്ടി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില ആയിരം രൂപയോളം ഒറ്റയടിക്ക് വർധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമാകുന്നതിൽ ബിജെപിക്കു മാത്രമേ ആശങ്കയില്ലാതിരിക്കൂ. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസാധനങ്ങളുടെ വില വർധിക്കും. ഇതിന്റെ ആത്യന്തികമായ ആഘാതം ജനങ്ങളാണ് അനുഭവിക്കേണ്ടത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമമുണ്ടാക്കിയ പ്രയാസങ്ങൾ കുറഞ്ഞിട്ടില്ല. ഭക്ഷ്യസാധനങ്ങൾക്ക് ഇപ്പോൾതന്നെ വില കൂടി. ഇനിയും വർധിപ്പിക്കേണ്ടിവരുമെന്നത് ജനങ്ങൾക്ക് താങ്ങാനാകാത്തതാകും. ചെറുകിട ഹോട്ടലുകൾ പലതും അടഞ്ഞുകിടക്കുകയാണ്. അത് തൊഴിലാളികളുടെ നിലനിൽപിനേയും ബാധിക്കും.
കോർപറേറ്റുകൾക്കുവേണ്ടി നിലകൊള്ളുന്ന ബിജെപിക്ക് ജനങ്ങളുടെ പ്രയാസം തിരിച്ചറിയാനാകില്ല. വിലക്കയറ്റം രൂക്ഷമാക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയരണം. ഈ മാസം ആറിന് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാൻ ആ മേഖലയിലെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ ഭിന്നതകൾ മറന്ന് പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അഭ്യർഥിച്ചു.









0 comments