യമുനാ തീരത്തുള്ള 310 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ബിജെപി സർക്കാർ


സ്വന്തം ലേഖകൻ
Published on May 07, 2026, 09:41 PM | 1 min read
ന്യൂഡൽഹി: യമുനാ നദിയുടെ തീരത്തുള്ള ഡൽഹി നിഗം ബോധ് ഘട്ടിലെ 310 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ബിജെപി സർക്കാർ. പതിനഞ്ച് ദിവസത്തിനുള്ളിൽ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നിഗം ബോധ് ഘട്ടിലെ യമുനാ ബസാറിൽ താമസിക്കുന്നവർക്ക് അധികൃതർ കത്തയച്ചു. അനധികൃത കൈയേറ്റം, വെള്ളപ്പൊക്ക സാധ്യത എന്നിവ കണക്കിലെടുത്ത് ഒഴിഞ്ഞുപോകണമെന്നാണ് നിർദേശം. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി.
ഒഴിഞ്ഞുപോകാത്ത പക്ഷം വീടുകൾ പൊളിച്ചുമാറ്റുമെന്നും സർക്കാർ അറിയിപ്പിലുണ്ട്. നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ബുൾഡോസർ രാജിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. ആളുകൾ യമുനാ ബസാറിൽ യോഗം ചേരുകയും, മൺസൂൺ കാലം വരാനിരിക്കെ തങ്ങൾ എങ്ങോട്ടുനീങ്ങുമെന്ന ആശങ്ക പരസ്‌പരം പങ്കുവെയ്‌ക്കുകയും ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട അവകാശ പ്രശ്‌നങ്ങളിൽ ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്പോൾ സർക്കാരിന് എങ്ങനെ കുടിയൊഴിപ്പിക്കൽ നടപടി എടുക്കാനാകുമെന്നും ചോദ്യമുയരുന്നു. തങ്ങളെ മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണമെന്നും ആവശ്യമുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെ പ്രളയസമയത്ത് പ്രദേശം വെള്ളത്തിനടിയിൽ ആവുകയും ആളുകളെ ദുരിതാശ്വാസ കാന്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇൗ സാഹചര്യമുണ്ടായിട്ടും രാജ്യതലസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാൻ സർക്കാരുകൾ തയ്യാറായില്ല.










0 comments