കേരള ബിജെപി പിടിക്കാൻ രാജീവ് ചന്ദ്രശേഖറും ; പുതിയ ഗ്രൂപ്പ് പണിതുടങ്ങി


വി എസ് വിഷ്‌ണുപ്രസാദ്
Published on Mar 17, 2025, 01:40 AM | 1 min read
തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിശ്‌ചയിക്കുന്നതിൽ അനിശ്‌ചിതത്വം തുടരുന്നു. സംസ്ഥാന നേതാക്കൾക്കിടയിലെ ഭിന്നത പരിഹരിക്കാൻ കഴിയാത്തതാണ് കാരണം. സ്ഥാനം വിട്ടുകൊടുക്കാതിരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അദ്ദേഹത്തെ താഴെയിറക്കാൻ എതിർപക്ഷവും ശ്രമിക്കുന്നതിനിടയിൽ മുൻ കേന്ദ്രമന്ത്രിരാജീവ് ചന്ദ്രശേഖറും പ്രസിഡന്റ് പദവിക്ക് അവകാശമുന്നയിച്ച് രംഗത്തുവന്നു.
ബിജെപി പ്രസിഡന്റായി തന്നെയും പരിഗണിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരോട് എതിർപ്പുള്ള ഒരുവിഭാഗം നേതാക്കൾ രാജീവ് ചന്ദ്രശേഖർ വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. പുതിയ ഗ്രൂപ്പ് രൂപീകരണത്തിലേക്കാണ് ഇപ്പോഴത്തെ പോക്കെന്നാണ് വിവരം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിലെത്തിയത്. തോൽവിയേറ്റുവാങ്ങിയതോടെ അദ്ദേഹം കേരളം വിടുമെന്നാണ് സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചത്.
എന്നാൽ കേരളത്തിലെ നേതാക്കളുടെ ഭിന്നത മനസിലാക്കിയ രാജീവ് ചന്ദ്രശേഖർ ഇവിടെ തുടർന്ന് പാർടിയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് എതിർപക്ഷക്കാർ പറയുന്നു.
ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പ്രവർത്തനങ്ങളിലും ഇടപെട്ടു തുടങ്ങി. ജന്മഭൂമിയുടെ ജൂബിലിയാഘോഷങ്ങളുടെ ചുമതല അദ്ദേഹം ഏറ്റെടുത്തു. രാജീവ് ചന്ദ്രശേഖറിന്റെ നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് പരാതിയുണ്ട്. പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രനേതാവ് പ്രകാശ് ജാവദേകർ ഇടപെട്ട് തിങ്കളാഴ്‌ച സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്.










0 comments