ad
Deshabhimani

ബി ജെപി സ്ഥാനാര്‍ഥിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി

print edition തെരഞ്ഞെടുപ്പ്‌ കമീഷൻ എന്ത് നടപടിയെടുത്തു

highcourt

ബി ഗോപാലാകൃഷ്ണന്‍ (ഇട‌ത്) കേരളാ ഹൈക്കോടതി (വലത്)

വെബ് ഡെസ്ക്

Published on Mar 28, 2026, 12:51 AM | 2 min read

കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ നടത്തിയ വിദ്വേഷ പരാമർശം നാടിനുണ്ടാക്കിയ ആഘാതം എത്ര വലുതാണെന്ന് തെരഞ്ഞെടുപ്പ്‌ കമീഷന്‌ അറിയാമോയെന്ന് ഹെെക്കോടതി. രാജ്യത്തിനും സമൂഹത്തിനും അതേൽപ്പിച്ച ഗുരുതരമായ അവസ്ഥ മറികടക്കാൻ കമീഷൻ എന്ത് ചെയ്തുവെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നതടക്കം ബി ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ –വിദ്വേഷ പരാമർശത്തിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിയിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ കമീഷനോട് നിർദേശിച്ച് ഹർജി തീർപ്പാക്കി.


ഗുരുവായൂർ മണ്ഡലം വരണാധികാരിയുടെ നിർദേശപ്രകാരം, ഗുരുവായൂർ ടെംപിൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കിയതായും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്നുവർഷംവരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും അറിയിച്ചു. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സൗഹാർദം തകർത്ത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് നിലവിൽ ഗോപാലകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.


വിദ്വേഷ പരാമർശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്ന്‌ കമീഷനോട്‌ കോടതി ചോദിച്ചു. മാതൃകാപെരുമാറ്റച്ചട്ടലംഘനം ബോധ്യമായാൽ സ്ഥാനാർഥിയെ വിലക്കുന്നതടക്കമുള്ള നടപടിയെടുക്കാനാകുമെന്ന് കമീഷൻ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടപടി ആരംഭിച്ച സാഹചര്യത്തിൽ, അതിനെ ബാധിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾക്കില്ലെന്ന് കോടതി പറഞ്ഞു. ലംഘനമുണ്ടെന്ന് കണ്ടാൽ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കാനും നിർദേശിച്ചു. ഗോപാലകൃഷ്ണനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കുന്നില്ലെന്നും നാമനിർദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് കെ ഗോകുലാണ് ഹർജി നൽകിയത്.


ബിജെപി സ്ഥാനാർഥിയുടെ 
അഭിപ്രായം വിഘടനവാദം: പിണറായി


ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനും പാടൂവെന്ന തരത്തിൽ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി പറഞ്ഞ അഭിപ്രായം വിഘടനവാദപരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ ശത്രുക്കളായി ചേരിതിരിക്കുന്ന നീക്കത്തിന്റെ ഭാഗമാണിത്‌. കേരളത്തിനുപുറത്ത്‌ സംഘപരിവാർ ശ്രമിക്കുന്ന തന്ത്രമാണത്‌.


ഇത്തരം പ്രസ്‌താവന കൊണ്ട്‌ ഗുരുവായൂരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അവിടത്തെ എൽഡിഎഫ്‌ എംഎൽഎമാർ എല്ലാവിഭാഗം ജനങ്ങൾക്കും സ്വീകാര്യരായിരുന്നു. അതുകൊണ്ടാണ്‌ ഗുരുവായൂരിൽ തുടർച്ചയായി എൽഡിഎഫ്‌ വിജയിക്കുന്നതും. രാജ്യമാകെ വർഗീയ കലാപത്തിന്‌ ശ്രമിക്കുന്പോഴും പത്തുവർഷമായി കേരളത്തിൽ വർഗീയ കലാപമോ വർഗീയ സംഘർഷമോ ഉണ്ടായില്ല. വർഗീയതയോട്‌ ഒരു വിട്ടുവീഴ്‌ചയുമില്ലാത്ത സർക്കാർ ഇവിടെ നിലനിൽക്കുന്നതുകൊണ്ടാണിത്‌. ഒരു വർഗീയതയെയും ചാരിയല്ല ഇവിടെ എൽഡിഎഫ്‌ നിലനിൽക്കുന്നത്‌. നമ്മുടെ നാടിനെ അപരമത വിദ്വേഷത്തിന്റെ തലത്തിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home