ശബരിമലയുടെ പേരിൽ കള്ളപ്രചാരണവുമായി നോട്ടീസ്
print edition വിശ്വാസത്തെ ദുരുപയോഗിച്ച് നുണപ്രചാരണവുമായി ബിജെപി , തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റൊരു വിഷയവുമില്ലാതായപ്പോൾ വിശ്വാസത്തെ ദുരുപയോഗംചെയ്ത് ബിജെപി. സർക്കാരിന്റെ വികസന, ക്ഷേമനടപടികളെ വിമർശിച്ചാൽ ജനം തള്ളിക്കളയുമെന്നുറപ്പുള്ളതിനാൽ, ശബരിമലയെ ആയുധമാക്കുകയാണിവർ. അതിനുമാത്രമായി നുണക്കഥകളുമായുള്ള നോട്ടീസ് അടിച്ചിറക്കി വീടുകളിലെത്തിച്ചാണ് പ്രചാരണം. തെരഞ്ഞെടുപ്പുചട്ടത്തിന്റെ പരസ്യമായ ലംഘനമാണിത്.
ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതി നിർദേശിച്ചപ്രകാരം സംസ്ഥാന പൊലീസിലെ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്. ഇതിനകം ഏറെ മുന്നോട്ടുപോവുകയും പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയുംചെയ്‌തു. പൊലീസ് അന്വേഷിക്കുന്നതിനു പകരം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് രാഷ്‌ട്രീയമായി ദുരുപയോഗിക്കുക എന്നതായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. ആ മോഹം തകർത്തത് ഹൈക്കോടതിയാണ്. സ്വർണം നഷ്ടപ്പെട്ടത് സർക്കാരിന്റെ അറിവോടെയെന്ന് വരുത്തി വോട്ടാക്കാനാണ് പാഴ്‍വേല. തെരെഞ്ഞെടുപ്പിൽ വ്യക്തി അധിക്ഷേപവും വ്യാജ പ്രചാരണവും പാടില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉൾപ്പെടെ ചിത്രങ്ങൾ സഹിതമാണ് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നോട്ടീസ്.
ശബരിമല വിഷയത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രഖ്യാപിച്ചതാണ്. ഇതുപ്രകാരം സ്വതന്ത്രവും നിക്ഷ്പക്ഷവുമായാണ് അന്വേഷണം. പ്രത്യേക അന്വേഷക സംഘത്തെ (എസ്ഐടി) ഹൈക്കോടതി രൂപീകരിച്ചത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ആവശ്യംകൂടി പരിഗണിച്ചാണ്.
ശബരിമലയിലെ തിരക്ക് പറഞ്ഞുള്ള പ്രചാരണത്തിലെ വസ്‌തുതയില്ലായ്‌മ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ദ്വാരപാലക ശിൽപപാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കടത്തിക്കൊണ്ടുപോകാൻ വഴിയൊരുക്കിയതിന് തിരുവിതാംകൂർ ദേവസ്വത്തിലെ കോൺഗ്രസ്– ബിജെപി അനുകൂല സംഘടനാ നേതാക്കളും പ്രതികളാണ്. 2019 മാർച്ചിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഇവ കടത്താൻ ഒത്താശചെയ്ത ദേവസ്വം സെക്രട്ടറിയും തിരുവാഭരണ കമീഷണറും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറും സ്‌മിത്തും ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും എംപ്ലോയീസ് സംഘിന്റെയും നേതാക്കളായിരുന്നു.










0 comments