എഫ്‌സിആർഎ ഭേദഗതി ബിൽ; ബിജെപി നേതാക്കൾ ആട്ടിൻ തോലിട്ട ചെന്നായ്‌ക്കളെന്ന് തെളിഞ്ഞു: ബിനോയ് വിശ്വം

കാസർകോട്: കാസർകോട്: അരമനകളിൽ കേക്കുമായെത്തി ബിഷപ്പുമാരുടെ കൈമുത്തിയ ബിജെപി - ആർഎസ്എസ് നേതാക്കളുടെ തനിനിറം ക്രിസ്‌ത്യൻ മത മേലധ്യക്ഷർക്ക് എഫ്‌സിആർഎ ഭേദഗതി ബില്ലിലൂടെ മനസിലായിട്ടുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആട്ടിൻ തോലിട്ട ചെന്നായ്‌ക്കളാണ് അവരന്നെ് എല്ലാവർക്കും ഇതിലൂടെ മനസിലായിട്ടുണ്ടാകും. വിദേശ സംഭാവന നിയന്ത്രിക്കുന്ന എഫ്‌സിആർഎ ബിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ക്രിസ്‌ത്യൻ സഭകളുടെയും മുസ്ലിം ട്രസ്‌റ്റുകളുടെയും നിയന്ത്രണത്തിലുള്ള ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. വോട്ട് മാത്രം ലാക്കാക്കിയെത്തുന്ന മോദിക്കും അമിത്‌ഷായ്‌ക്കും കടുത്ത ന്യൂനപക്ഷ വിരോധമാണ്. കാസർകോട് പ്രസ്‌ക്ലബിൽ മിറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള യഥാർഥ ലീഡർഷിപ്പ് കോൺഗ്രസിനാണ്. 1991 മുതലുള്ള വടകര, ബേപ്പൂർ മോഡൽ ഡീലാണ് അവരിപ്പോഴും തുടരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരസ്യമായി തെളിഞ്ഞ കാര്യമാണത്. ബിജെപി ബന്ധത്തിന്റെ കറ പറ്റിയ കൈകൾ കോൺഗ്രസിനാണ്. അത് മൂടിവയ്‌ക്കാനാണ് രായ്‌ക്കുരാമാനംഅവർ എൽഡിഎഫ്– ബിജെപി ഡീൽ ആരോപിക്കുന്നത്. ഗോൾവാൾക്കറുടെ വിചാധാരയുടെ ആശയത്തിൽ പ്രവർത്തിക്കുന്ന തികഞ്ഞ വർഗീയവാദികളായ ബിജെപിയോട് ഒരു കൂട്ടുകെട്ടിനും എൽഡിഎഫ് പോയിട്ടില്ല. ഇനി പോവുകയുമില്ല. കഴിഞ്ഞ പത്തുവർഷത്തിൽ കേരളത്തിലുണ്ടായ വികസനക്കരുത്തിൽ വോട്ടുതേടുന്ന എൽഡിഎഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
എല്ലാ യഥാർഥ മതവിശ്വാസികളോടും നല്ല ബന്ധമുള്ളവരാണ് ഇടതുപക്ഷം. ഇടതുപക്ഷം വിശ്വാസികളെ ഒരിക്കലും ശത്രുവായി കാണുന്നില്ല. എന്നാൽ മതവിശ്വാസത്തെ മതഭ്രാന്തായി കരുതുന്നവരോട് എന്നുമെതിർപ്പാണ്. ഭൂരിപക്ഷ– ന്യൂനപക്ഷ മത തീവ്രവാദികളേൊട് ഒരേപോലെ അകലം പാലിച്ചവരാണ് എൽഡിഎഫ്. ആ അകലം തുടരുക തന്നെചെയ്യുമെന്നും എന്നും മനുഷ്യപക്ഷത്തുനിൽക്കുന്ന എൽഡിഎഫ് എല്ലാ നല്ല മനുഷ്യരുടെയും വോട്ടുസ്വീകരിക്കും. കേരളത്തിലെ വികസനവും കരുതലും വിഷയമാക്കിയുള്ള സംവാദത്തിന് ആരുമായും എൽഡിഎഫും സർക്കാരും തയ്യാറാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അബ്ദുള്ളക്കുഞ്ഞി ഉദുമ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതം പറഞ്ഞു.










0 comments