ട്രേഡിങ് തട്ടിപ്പിനൊപ്പം കള്ളപ്പണ ഇടപാടും


സ്വന്തം ലേഖകൻ
Published on Feb 24, 2025, 12:00 AM | 1 min read
ഇരിങ്ങാലക്കുട : ബില്ല്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ട്രേഡിങ് തട്ടിപ്പിനൊപ്പം കള്ളപ്പണ ഇടപാടുകളും നടന്നതായി സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളുടെ ഫോണ്‍ സംഭാഷണമാണിത്. പുറത്തുനിന്ന് എത്തുന്ന കള്ളപ്പണത്തിന്റെ സൂചനകളാണ് ശബ്ദരേഖയിലുള്ളത്. കമ്പനി ഉടമകളായ നടവരമ്പ് സ്വദേശികൾ കിഴക്കേവളപ്പില്‍ ബിബിന്‍, ഭാര്യ ജെയ്ദ, സഹോദരന്‍ സുബിന്‍ എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുള്ളത്. സാധാരണ കുടുംബത്തില്‍ ജനിച്ച ബിബിന്റെയും കുടുംബത്തിന്റെയും വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. ബിരുദധാരിയായ ബിബിന്‍ ഇരിങ്ങാലക്കുടയിലെ സ്വാകാര്യ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. ഈ സമയത്താണ് പ്രവാസികളുമായി ബന്ധം സ്ഥാപിച്ച് ഓഹരി വ്യാപാരത്തിലേക്ക് ആകര്‍ഷിച്ച് വന്‍ലാഭം നേടികൊടുത്തത്. ഇതില്‍ വിശ്വാസം വര്‍ധിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു.
ഇതോടെ ഇയാള്‍ ജോലി ഉപേക്ഷിച്ച് ബില്ല്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഷെയര്‍ ട്രേഡിങ് നടത്തി കമ്പനി കൈവരിക്കാന്‍ പോകുന്ന പുരോഗതിയും ഇയാള്‍ സമർഥിച്ചു. ദുബായിലാരംഭിച്ച ശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിനപത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ പോലും ആകൃഷ്ടരായി വന്‍തുകകള്‍ നിക്ഷേപിച്ചതായാണ് വിവരം. ജീവനക്കാര്‍ മുഖേനയെത്തുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ലാഭത്തിന്റെ ഓഹരി അതാത് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നതായും സൂചനയുണ്ട്.
നിക്ഷേപത്തുക ഊഹ കച്ചവടത്തിലൂടെ നഷ്ടപ്പെട്ടതാണോ മറിച്ച് മറ്റേതെങ്കിലും രീതിയില്‍ പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ബിബിനെയും ഭാര്യ ജെയ്ദയെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യണം. അതിലൂടെ മാത്രമെ തട്ടിപ്പിന്റെ ആഴം വ്യക്തമാവുകയുളളൂവെന്ന് പൊലീസ് പ റഞ്ഞു.










0 comments