print edition ‘എന്റെ കുഞ്ഞനുജനെ ബിജെപിക്കാർ കൊന്നുതള്ളി’ ; ഹൃദയം തകർന്ന് അവർ മടങ്ങുന്നു

മധുബനി ചിത്രരചനക്കായി തൃപ്പൂണിത്തുറയിലെത്തിയ ബിഹാർ സ്വദേശികളായ ഊർമിള ദേവിയും മകൻ ശ്രാവൺ കുമാർ പാസ്വാനും പിതൃസഹോദര പുത്രൻ അനിരുദ്ധ് കുമാറിനെ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയതറിഞ്ഞ് വിലപിക്കുന്നു
ആർ ഹേമലത
Published on Oct 31, 2025, 02:46 AM | 1 min read
കൊച്ചി
"എന്റെ കുഞ്ഞനുജനെ ബിജെപിക്കാർ കൊന്ന് പൊന്തക്കാട്ടിൽ തള്ളി’’–ആർത്തലച്ച് കരഞ്ഞ് ശ്രാവൺ കുമാർ പാസ്വാൻ പറഞ്ഞു. ‘‘എന്റെ മകൻതന്നെയായിരുന്നു അവൻ. ഇനി ഞങ്ങൾക്ക് ആരുണ്ട്. ഉൗർമിളയും വേദനയിൽ നീറി. കഴിഞ്ഞദിവസം ബിഹാറിലെ സിവാൻ ജില്ലയിൽ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ എഎസ്ഐ അനിരുദ്ധ് കുമാറിന്റെ ഉറ്റവരാണ് ഉൗർമിളയും ശ്രാവണും. അനിരുദ്ധിന്റെ വല്യച്ഛന്റെ ഭാര്യയാണ് ഉൗർമിള. ഇവരുടെ മകനാണ് ശ്രാവൺ.
ബിഹാറിൽനിന്ന് കേരളത്തിൽ ചിത്രകലാ പ്രദർശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് വ്യാഴം പന്ത്രണ്ടോടെ നടുക്കുന്ന വാർത്ത ഇവരെ തേടിയെത്തിയത്. വെള്ളിയാഴ്‌ച ഇരുവരും ബിഹാറിലേക്ക് തിരിക്കും. ബിഹാറിലെ മധുബനി കുൻവാർ ഗ്രാമത്തിലാണ് ഇവരുടെ വീട്.
‘‘ബുധനാഴ്‌ചയും അനിരുദ്ധ് ഞങ്ങളെ വിളിച്ചിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് തെരഞ്ഞെടുപ്പുമായും കേസന്വേഷണങ്ങളുമായും ബന്ധപ്പെട്ട് ഭരണനേതൃത്വത്തിൽനിന്നും ബിജെപിക്കാരിൽനിന്നും ഭീഷണിയുള്ളതായും പറഞ്ഞിരുന്നു. എത്രയുംവേഗം സ്ഥലംമാറ്റം വാങ്ങണമെന്നും പറഞ്ഞു. ഉന്നതങ്ങളിൽ കാലുപിടിച്ചാണെങ്കിലും എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. പക്ഷേ....’’ശ്രാവണിന്റെ വാക്കുകൾ മുറിഞ്ഞു. വ്യാഴം 12.30ന് അനിരുദ്ധിന്റെ മകളാണ് വിവരം വിളിച്ചറിയിച്ചത്–കണ്ണീരടക്കി ഉൗർമിള പറഞ്ഞു.

ബിഹാറിൽ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അനിരുദ്ധ് കുമാർ
‘‘ഭിക്ഷയെടുത്ത് നിത്യവൃത്തി പുലർത്തിയിരുന്ന കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അനിരുദ്ധിന് ജോലി ലഭിച്ചതോടെയാണ് ജീവിതത്തിൽ നല്ലകാലം വന്നത്. ഞങ്ങളെ ദാരിദ്ര്യത്തിൽനിന്ന് രക്ഷിച്ചത് അവനായിരുന്നു. ഇനി ഞങ്ങൾ എന്തുചെയ്യും. ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന കേരളത്തിലെ സാഹചര്യങ്ങളല്ല ബിഹാറിലുള്ളത്’’ ശ്രാവൺ പറഞ്ഞു. എസ്‌ടി വിഭാഗത്തിൽനിന്നുള്ളവരാണിവർ. തൃപ്പൂണിത്തുറയിൽ ചിത്രകാരൻ ടി എ സത്യപാലിന്റെ വീട്ടിലായിരുന്നു ചിത്രപ്രദർശന ഒരുക്കങ്ങൾ. ഉൗർമിളയും ശ്രാവണും മധുബനി ചിത്രകലാകാരന്മാണ്. എക്‌സിബിഷനുകളിൽ പങ്കെടുക്കാൻ 20 വർഷമായി ഇവർ കേരളത്തിൽ സ്ഥിരമായി എത്താറുണ്ട്. അനിരുദ്ധും നന്നായി ചിത്രം വരയ്‌ക്കുമായിരുന്നു.










0 comments