ദേശീയ ഡിജിറ്റൽ 
സർവേ കോൺക്ലേവിന്‌ 
ഇന്ന്‌ തുടക്കം

നേട്ടങ്ങൾ ചർച്ച ചെയ്യാൻ ‘ഭൂമി' കോൺക്ലേവ് : കെ രാജൻ

bhumi conclave
വെബ് ഡെസ്ക്

Published on Jun 25, 2025, 02:16 AM | 2 min read

ജന്മിത്തം അവസാനിപ്പിച്ച രാഷ്ട്രീയ കേരളത്തിന്റെ ഉജ്വല അധ്യായമാണ് ഭൂപരിഷ്കരണ നിയമം. കൈവശഭൂമിക്ക് പരിധി നിശ്ചയിച്ചും പാട്ടവ്യവസ്ഥകൾ റദ്ദാക്കിയും കുടിയായ്മ അവസാനിപ്പിച്ച്, കുടിയാന് ഭൂമിയിൽ സ്ഥിരാവകാശവും കുടികിടപ്പുകാരന് ഭൂമിയുടെ ഉടമസ്ഥത നൽകിയും ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്തും കേരളത്തിൽ ഭൂപരിഷ്കരണ നിയമം ഒരു നവലോകം സൃഷ്ടിച്ചു.


ഭൂപരിഷ്കരണ നിയമത്തിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീ സർവേ. 1966ലാണ് കേരളത്തിൽ റീ സർവേ നടപടി ആരംഭിച്ചത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ റീ സർവേ നടപടി എത്തിയത് 921 വില്ലേജിൽ ആയിരുന്നു. ചങ്ങല വലിച്ചും ലിങ്സ് അടയാളപ്പെടുത്തിയുമുള്ള ശ്രമകരമായ സർവേ നടപടികളായിരുന്നു അന്ന്. പിന്നീട്‌ ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ (ഇടിഎസ്) എന്ന സാങ്കേതിക വിദ്യയിലേക്ക് കടന്നു.


അതിന്റെ തുടർച്ചയായി ഡിജിറ്റൽ റീ സർവേ സംവിധാനത്തെക്കുറിച്ച് ആലോചിച്ചു. ആദ്യം സെൻട്രൽ സർവേ ഓഫ് ഇന്ത്യയുടെ ഉപദേശങ്ങൾകൂടി സ്വീകരിച്ച് കേരളത്തിലെ 27 ഇടത്തായി കണ്ടിന്യൂവ്സിലി ഓപ്പറേഷൻ റഫറൻസ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ആർടികെ റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ലിഡാർ, ഡ്രോൺ, റഗ്ഡ് ടാബ് തുടങ്ങിയവ ഉപയോഗിച്ച് സർവേ ആരംഭിക്കാനും തീരുമാനിച്ചു.


റീ സർവേ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിരവധി ആശങ്കകൾ ഉണ്ടായി. ഈ പ്രശ്നങ്ങളെയെല്ലാം സംസ്ഥാന സർക്കാരിന് വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചു. സർവേ സഭകൾ ചേർന്ന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. 2022 നവംബർ ഒന്നിന്‌ ഡിജിറ്റൽ റീ സർവേ നടപടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആകെ ഉള്ളത് 35 ലക്ഷം ഹെക്ടർ ഭൂമിയാണ്. അതിൽ ഏതാണ്ട് ഏഴ് ലക്ഷം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഭൂമിയുടെ നാലിൽ ഒന്ന് ഭാഗവും അളന്ന് നടപടികൾ പൂർത്തീകരിച്ചു. ഡിജിറ്റൽ റീ സർവേയുടെ മൂന്നാം ഘട്ടം പുരോഗമിക്കുന്നു.


ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ മറ്റൊരു ചരിത്ര നടപടിക്കുകൂടി കേരളം തയ്യാറാവുകയാണ്. ഭൂവിവരങ്ങളടങ്ങിയ ഒരു ആധികാരിക ഡിജിറ്റൽ റവന്യു കാർഡ്. ക്യൂആർ കോഡും പത്തക്ക ഡിജിറ്റൽ നമ്പറുമുള്ള ഡിജിറ്റൽ റവന്യു കാർഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ റീ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂ ഉടമകളുടെ കൈവശം എത്തും. വിവിധ ഓഫീസുകളിൽ കയറിയിറങ്ങാതെതന്നെ അവരുടെ ഭൂമിയും അതിലെ കെട്ടിടങ്ങളും സംബന്ധിച്ച മുഴുവൻ വിവരങ്ങളും എടിഎം കാർഡ് വലുപ്പത്തിലുള്ള റവന്യു കാർഡിൽ ലഭ്യമാകും.


കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ലോകത്തിന്‌ പരിചയപ്പെടുത്താൻ റവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഭൂമി' - ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുകയാണ്‌. ലാൻഡ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. അന്തർദേശീയ, ദേശീയ തലത്തിലുള്ള ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കും.


ഇതിന്റെ ഭാഗമായി ഡിജിറ്റൽ സർവേ പ്രദർശനവും നടക്കും. ബുധൻ വൈകിട്ട് നാലിന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കോവളം ഉദയ് സമുദ്ര ഹോട്ടലിലാണ് കോൺക്ലേവും എക്സ്പോയും. 28ന് സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന ഐഎഎസ് ഓഫീസർമാരടക്കം പങ്കെടുത്ത് നടക്കുന്ന ഈ കോൺക്ലേവ്, ഭൂ ഭരണത്തിൽ കേരളം രാജ്യത്തിന് സമ്മാനിക്കുന്ന ഒരു പാഠപുസ്തകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home