ജാതി ഏറ്റവും ക്രൂരമായ സാമൂഹ്യനിയന്ത്രണ ഉപകരണം : ബാനു മുഷ്‌താഖ്

കൊച്ചി
ഇന്ത്യയിലെ ഏറ്റവും ക്രൂരമായ സാമൂഹ്യനിയന്ത്രണ ഉപകരണമാണ് ജാതിയെന്ന് കന്നഡ എഴുത്തുകാരിയും അന്താരാഷ്‌ട്ര ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്‌താഖ്. ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് അപ്പുറത്താണ് സമൂഹത്തിൽ ജാതിയുടെ സ്വാധീനമെന്നും കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ‘സ്‌കോളര്‍ ഇന്‍ ക്യാമ്പസ്’ പരിപാടിയില്‍ ബാനു മുഷ്‌താഖ് പറഞ്ഞു.
ജാതി ആധിപത്യം ഗ്രാമങ്ങളിലെ ആചാരങ്ങളിലും ക്ഷേത്രപ്രവേശനത്തിലും മാത്രമല്ല കാണാവുന്നത്. കുടുംബകാര്യങ്ങൾമുതൽ സർവകലാശാല പ്രവേശന നടപടികളിലും എഡിറ്റോറിയൽ മുറികളിലുംവരെ അത് കാണാം. മാധ്യമങ്ങൾ ഇന്ന് അധികാരത്തിന്റെ പ്രതിധ്വനികൾ കേൾപ്പിക്കുന്ന ചേംബറുകളായി. അതിനിടയിലും, സത്യത്തിനായി സ്വന്തം ജീവൻ പണയംവയ്‌ക്കുന്ന യുവ മാധ്യമപ്രവർത്തകരെയും നിരാലംബരുടെ ശബ്‌ദം കേൾപ്പിക്കുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോമുകളെയും നമുക്ക് കാണാം.
ജനാധിപത്യരാജ്യത്ത് മാധ്യമപ്രവർത്തനം ക്രിമിനൽ കുറ്റമല്ല. എന്നാൽ, സിദ്ദിഖ് കാപ്പനെപ്പോലെയുള്ളവരുടെ അറസ്റ്റ് ഇവിടെയുണ്ടായി. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന്റെ പേരിലുള്ള ഈ അറസ്റ്റ് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ദയനീയ അവസ്ഥയാണ് കാണിക്കുന്നത്. അനീതിക്കെതിരെ നിശ്ശബ്‌ദരാകരുതെന്ന് ഇത് നമ്മെ ഓർമപ്പെടുത്തുന്നു.
രാഷ്ട്രീയസ്വരമുയര്‍ത്തുന്ന സ്ത്രീകളെയും അവരുടെ വ്യത്യസ്ത ശബ്ദങ്ങളെയും പൊതുസമൂഹം ഭയപ്പെടുന്നു. തന്റെ കാഴ്ചപ്പാടില്‍ സാഹിത്യപ്രവര്‍ത്തനം വെറും കഥപറച്ചിലല്ല, സമൂഹ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് അതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, വിവര്‍ത്തകന്‍ പയ്യന്നൂർ കുഞ്ഞിരാമൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി എൽ തോമസ്, സരസ്വതി നാഗരാജൻ എന്നിവർ സംസാരിച്ചു.










0 comments