കോൺഗ്രസിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; ബെന്നി ബെഹനാനെ തടഞ്ഞ് സതീശൻ അനുകൂലികൾ

കൊച്ചി: മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം തെരുവിലെ കൈയാങ്കളിയിലേക്ക് നീങ്ങുന്നു. എറണാകുളത്ത് കെപിസിസി മുൻ അധ്യക്ഷൻ ബെന്നി ബെഹനാനെ വി ഡി സതീശൻ അനുകൂലികൾ തടഞ്ഞു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നിങ്ങളെടുക്കുന്ന തീരുമാനം സതീശന് എതിരാകരുതെന്ന് പ്രവർത്തകർ ബെന്നി ബെഹന്നാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. സംസ്ഥാനത്ത് യുഡിഎഫ് വിജയിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ അണികൾക്കിടയിൽ കടുത്ത അമർഷമാണ് നിലനിൽക്കുന്നത്.
ഇതിനിടെ ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കളെ തടയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ യുഡിഎഫ് നേതാക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം അണികളിൽ നിന്ന് തന്നെ നേതാക്കൾ ഭീഷണി നേരിടുന്നത് പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും ദില്ലിയിൽ കെ സി വേണുഗോപാലിനെതിരെയും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ കൊച്ചിയിൽ ബെന്നി ബെഹന്നാനെതിരെയും നീക്കമുണ്ടായിരിക്കുന്നത്.
ഐ ഗ്രൂപ്പിനുള്ളിലെ ഭിന്നതയും എ ഗ്രൂപ്പിന്റെ അവകാശവാദങ്ങളും കോൺഗ്രസിനെ പൂർണ്ണമായ ഭരണസ്തംഭനത്തിലേക്കാണ് നയിക്കുന്നത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് ഇനിയും നീണ്ടുപോയാൽ പ്രതിഷേധം സംസ്ഥാനവ്യാപകമാകാനാണ് സാധ്യത.










0 comments