ലതയ്ക്കും സ്മിതയ്ക്കും കണ്ണീരോടെ വിട; സംസ്കാരം നടന്നു

ബാംഗ്ലൂരിൽ മതിലിടിഞ്ഞു മരിച്ച കുടുംബശ്രീ അംഗങ്ങളായ സ്മിത, ലത എന്നിവരുടെ മൃതദേഹങ്ങൾ രാമമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ (Photo: SUNOJ)
കൊച്ചി: ബംഗളൂരുവിലുണ്ടായ കനത്ത മഴയിൽ ആശുപത്രിയുടെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച രാമമംഗലം സ്വദേശികളായ ലതയ്ക്കും സ്മിതയ്ക്കും കണ്ണീരോടെ വിടചൊല്ലി നാട്. വ്യാഴാഴ്ച ഉച്ചയോടെ ജന്മനാട്ടിലെത്തിച്ച മൃതദേഹങ്ങൾ രാമമംഗലം പഞ്ചായത്ത് കാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ചു. പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ഇരുവർക്കും അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം സംസ്കാരം നടന്നു.
ബുധനാഴ്ച രാവിലെ കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ 56 അംഗ സംഘത്തോടൊപ്പം ആദ്യമായി വിമാനത്തിൽ കയറി വിനോദയാത്ര പോയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. രാമമംഗലത്തെ അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ അംഗങ്ങളായ ഇവർ ഏറെ പ്രതീക്ഷയോടെയാണ് ഈ യാത്ര ആരംഭിച്ചത്. ബുധനാഴ്ച വൈകിട്ട് ബംഗളൂരുവിൽ ഷോപ്പിംഗിനിറങ്ങിയ അഞ്ചംഗ സംഘം മഴയത്ത് ഒരു മതിലിനോട് ചേർന്ന് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.
ആശുപത്രിയുടെ ഉയർന്ന മതിൽ തകർന്ന് ഇവരുടെ മേലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ രാമമംഗലം കിഴുമുറി സ്വദേശി രഘുവിന്റെ ഭാര്യ സ്മിതയും (40), രാമമംഗലം ആശുപത്രിപ്പടി സ്വദേശിനി ലതയും (35) മരണപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന മായ മണികണ്ഠൻ, പ്രീതി, സിജി എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ആകെ ഏഴ് പേരാണ് മരിച്ചത്.









0 comments