print edition കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ; മൗനംപാലിച്ച് കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം : നഴ്സിങ് വിദ്യാർഥി ആദിത്യൻ പഠിച്ചിരുന്ന ബംഗളൂരു ബൊമ്മസന്ദ്ര ബിടിഎൽ സ്‌കൂൾ ഓഫ് നഴ്സിങ്ങിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. കോളേജിലെ വിദ്യാർഥികൾ കടുത്ത മാനസിക ശാരീരിക പീഡനത്തിന് ഇരയാകുന്നതായി മലയാളി വിദ്യാർഥികൾ പറയുന്നു. അധ്യാപകരുടെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ പഠനം ഉപേക്ഷിച്ചതായും അവർ പറയുന്നു. കോളേജ് ക്യാമ്പസ് ലഹരിമാഫിയയുടെ കേന്ദ്രമാണ്. നിരവധി പരാതികളുണ്ടായിട്ടും ലഹരിക്കച്ചവടക്കാർക്കെതിരെ പരാതി നൽകാനോ നടപടിയെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല സംഭവങ്ങളും ഒതുക്കിത്തീർക്കുകയാണ് പതിവെന്നും വിദ്യാർഥികൾ പറയുന്നു. ആദിത്യന്റെ മരണത്തിനു പിന്നാലെയാണ് വിദ്യാർഥികളിൽനിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. അവസാനമായി കാണാൻ അനുവദിച്ചില്ലെന്നും ആദിത്യന്റെ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സഹപാഠികൾ പറഞ്ഞു. പലരുടെയും ഫോണുകളും കോളേജ് അധികൃതർ പിടിച്ചുവച്ചിരിക്കുകയാണ്.
കോളേജിൽ പൊതുദർശനം നടത്താനും അനുവദിച്ചില്ല. ഇതിനെതിരെ കോളേജിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. കർണാടകത്തിൽ മലയാളി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻപോലും തയ്യാറാകാത്ത സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വലിയ വിമർശമാണ് ഉയരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനോട് അന്വേഷണത്തിനായി സമ്മർദം ചെലുത്താൻപോലും നേതാക്കൾ തയ്യാറല്ല.
എല്ലാം ബിസിനസ് മാത്രം
"‘മാനേജ്മെന്റിനും അധ്യാപകർക്കും എല്ലാം ബിസിനസ് മാത്രമാണ്. ആദിത്യൻ മരിച്ച വിവരം കോളേജ് അധികൃതർ തങ്ങളെ അറിയിച്ചില്ല. അവസാനമായി ആദിത്യനെ കാണാൻ അപേക്ഷിച്ചെങ്കിലും സമ്മതിച്ചിരുന്നില്ല. അവൻ ജീവിച്ചിരിപ്പില്ലായെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. കുട്ടികള്‍ പുറത്തിറങ്ങിയാൽ എന്താകുമെന്ന് കോളേജ് അധികൃതർക്ക് നല്ലവണ്ണം അറിയാം. ഒരു ജീവൻ പോയിട്ടുപോലും ആർക്കും ഒരു പ്രശ്നവുമില്ല. ആദിത്യൻ ഞങ്ങള്‍ക്കുവേണ്ടി എല്ലാം ചെയ്തു, എന്നാൽ ഞങ്ങള്‍ക്ക് അവനുവേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല'' (സഹപാഠികൾ ആദിത്യന്റെ ബന്ധുവിന് അയച്ച മെസേജ്)










0 comments