print edition നേതാവിന്റെ ബന്ധുവായതുകൊണ്ടുമാത്രം അവസരം നിഷേധിക്കുന്നത് ശരിയല്ല: എം എ ബേബി


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:00 AM | 1 min read
ന്യൂഡൽഹി: അർഹതയുള്ളവർക്ക് നേതാവിന്റെ ബന്ധുവാണെന്നതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കുന്നത് ശരിയല്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കിയത് തിരിച്ചടിയായില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘യുഡിഎഫ് മന്ത്രിസഭയിലെ പത്തോളം മന്ത്രിമാർ ഒരുവഴിക്കല്ലെങ്കിൽ മറുവഴിക്ക് വിവിധ പാർടികളിലെ 10 നേതാക്കളുടെ ബന്ധുക്കളാണെന്ന വസ്‌തുത മാധ്യമങ്ങൾ സൗകര്യപൂർവം തമസ്‌കരിച്ചു.
മന്ത്രിമാരുടെ ബയോഡാറ്റ എഴുതുന്പോൾ ഇൗ മന്ത്രി ഇൗ നേതാവിന്റെ ബന്ധുവാണെന്ന് ലാഘവത്തോടെ പരാമർശിച്ച് പോയതല്ലാതെ ചെറിയ വിവാദം പോലും ആരും ഉണ്ടാക്കിയില്ല. സിപിഐ എമ്മും ഇടതുപക്ഷവും ഏക്കാലവും വലിയ ധാർമിക നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. എന്നാൽ പാർടിയിലെയോ ഇടതുപക്ഷത്തിലെയോ ഒരു നേതാവിന്റെ ബന്ധുവായത് കൊണ്ട് മാത്രം പാർടിയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാൾക്ക് അർഹിച്ച അവസരം നിഷേധിക്കുന്നത് ശരിയല്ല. അതേസമയം ചില സ്ഥാനാർഥികളെ തീരുമാനിക്കുന്ന കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ഭാവിയിൽ അതുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും –അദ്ദേഹം പറഞ്ഞു.










0 comments