ഐഒബിയിലെ ജാതിയധിക്ഷേപം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം- ബെഫി

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അസിസ്റ്റന്റ് മാനേജറെ ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). കുറ്റക്കാരായ മേലുദ്യോഗസ്ഥർ ജീവനക്കാർക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടികൾ പിൻവലിക്കണമെന്നും ബെഫി ആവശ്യപ്പെട്ടു.
ഐഒബി തിരുവനന്തപുരം റീജണൽ ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരുടെ സമാനമായ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ ബെഫി നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. ബാങ്കുകളിൽ ജീവനക്കാർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ പരിധികൾ ലംഘിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളിലടക്കം കുറ്റക്കാരായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണുള്ളത്. ഇത്തരം നയങ്ങൾക്കെതിരെ തൊഴിലാളി ബഹുജന സംഘടനകളെ യോജിപ്പിച്ചുള്ള പ്രക്ഷോഭം ബെഫി നേതൃത്വത്തിൽ സംഘടിപ്പിക്കും.
ചൊവ്വാഴ്‌ച ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖകൾക്കു മുമ്പിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, പ്രസിഡന്റ് ഷാജു ആന്റണി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Related News

0 comments