താനൂർ തീരം കാക്കാൻ ടി മുഹമ്മദ് സമീർ

ടി മുഹമ്മദ് സമീർ
താനൂർ: മുസ്ലിം ലീഗ് കോട്ട തകർത്ത താനൂരിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി ടി മുഹമ്മദ് സമീർ ജനവിധി തേടും. ഒഴൂർ പഞ്ചായത്തിലെ പുൽപറമ്പ് സ്വദേശിയായ ടി മുഹമ്മദ് സമീർ ജീവകാരുണ്യ പ്രവർത്തകനാണ്. വി അബ്ദുറഹ്മാനിലൂടെ വിജയക്കൊടി പാറിച്ച എൽഡിഎഫ്, ചരിത്രം ആവർത്തിക്കാനുള്ള നീക്കത്തിലാണ്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ 2016ൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടുകൾക്കാണ് വി അബ്ദുറഹിമാൻ പരാജയപ്പെടുത്തിയത്.
60വർഷം കാണാത്ത വികസനപ്രവർത്തനങ്ങളാണ് പിന്നീട് താനൂർ സാക്ഷ്യംവഹിച്ചത്. കേരളം മുഴുവൻ ശ്രദ്ധിച്ച താനൂർ വികസന മാതൃകയായിരുന്നു. 2021ൽ കേരളം കണ്ട ഏറ്റവും മികച്ച പോരാട്ടത്തിനൊടുവിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെ 985 വോട്ടുകൾക്ക് മിന്നുന്ന വിജയമാണ് താനൂരിലെ ജനത ഇടതുപക്ഷ സാരഥിക്ക് നൽകിയത്.
കഴിഞ്ഞ 10 വർഷം കൊണ്ട് 2000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് താനൂർ മണ്ഡലത്തിൽ നടപ്പിലാക്കിയത്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് സമസ്ത മേഖലയിലും വികസനമെത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. വികസനമറിഞ്ഞ പത്തുവർഷത്തെക്കുറിച്ചാണ് നാട്ടിലെ ചർച്ച മുഴുവൻ. വികസനമുരടിപ്പിന്റെ കാലത്തേക്ക് തിരിച്ചു പോകേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം, ക്ഷേമ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്.










0 comments