ad
Deshabhimani

print edition സ്‌റ്റേഷനിൽ സൂക്ഷിച്ച ലഹരിവസ്‌തു മോഷണം: പ്രതിയായ പൊലീസുകാരൻ ചാനലിന്‌
മുന്നിൽ എത്തിയിട്ടും അറസ്‌റ്റില്ല

Sultan bathery Police Station Sabith
വെബ് ഡെസ്ക്

Published on Sep 16, 2026, 01:48 AM | 1 min read

കൽപ്പറ്റ: ബത്തേരി സ്‌റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായ ലഹരിവസ്‌തു മോഷ്‌ടിച്ച കേസിൽ പ്രതിയായി ഒളിവിലാണെന്ന് പൊലീസ്‌ പറഞ്ഞ സീനിയർ സിവിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ സബിത്ത്‌ ചാനലിന്‌ മുന്നിലെത്തിയിട്ടും അറസ്റ്റ്‌ ചെയ്യാതെ പൊലീസ്‌. പ്രതിയ്ക്കായി ശക്തമായ തിരച്ചിൽ നടത്തുന്നുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞതിനുപിന്നാലെയാണ്‌ പൊലീസുകാരനായ പ്രതി പരസ്യമായി പ്രത്യക്ഷപ്പെട്ടത്‌.


ചൊവ്വ രാവിലെ കൊച്ചിയിലാണ്‌ സബിത് ദൃശ്യമാധ്യമത്തോട്‌ പ്രതികരിച്ചത്‌. ഏഴ്‌ ചാക്കിലായി സ്‌റ്റേഷനിൽ സൂക്ഷിച്ച ഹാൻസ്‌ മോഷണം പോയെന്ന വിവരം പുറത്തെത്തിയതുമുതൽ ഇയാൾ അവധിയിലായിരുന്നു. കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമുതലാണ്‌ ബത്തേരി സ്‌റ്റേഷനിൽനിന്ന്‌ മോഷ്‌ടിച്ച്‌ കടത്തിയത്‌.


സിസിടിവി പരിശോധനയിലൂടെയാണ്‌ സ്‌റ്റേഷനിൽ ജിഡി ചാർജിലുണ്ടായിരുന്ന സബിത്‌ ഹാൻസ്‌ കടത്തിയെന്ന്‌ കണ്ടെത്തിയത്‌. പ്രതിയുടെ വാഹനം മോഷണം നടത്തിയ ദിവസം രാത്രി ഒന്നിന്‌ സ്റ്റേഷൻവളപ്പിനകത്തേക്ക് കയറ്റുന്നതും പുറത്തേക്ക്‌ പോകുന്നതുമായ സിസിടിവി ദൃശ്യമുണ്ട്‌. മോഷണത്തിന്‌ കൂടുതൽ പൊലീസ്‌ ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും ലഹരി മാഫിയയുമായി പൊലീസിന്‌ ബന്ധമുണ്ടെന്നുമുള്ള ആരോപണം ശക്തമാകുന്നതിനിടയിലാണ്‌ ഒളിവിലാണെന്നുപറഞ്ഞ പ്രതി പരസ്യമായി പ്രത്യക്ഷപ്പെട്ടത്‌.


നിരപരാധിയാണെന്നും തൊണ്ടിമുതൽ എടുത്തിട്ടില്ലെന്നുമാണ്‌ ചാനലിനുനൽകിയ പ്രതികരണത്തിൽ പറഞ്ഞത്‌. ലഹരി നിറച്ച ചാക്കുകൾ പുറത്തുകണ്ടപ്പോൾ മറ്റൊരിടത്തേക്ക്‌ മാറ്റിവയ്‌ക്കുകയായിരുന്നുവെന്നാണ്‌ വിശദീകരണം. എന്നാൽ, സ്‌റ്റേഷനിൽ തൊണ്ടിമുതൽ ഇല്ലെന്നും പ്രതിയുടെ വാദം കള്ളമാണെന്നും അന്വേഷകസംഘം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home