നാടാകെ അരങ്ങുണർത്തും തുമ്പികൾ: ബാലസംഘം സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു

കവളങ്ങാട് : നേരിന്റെ നിലപാടുയർത്തി നാടാകെ പറക്കാനൊരുങ്ങി വേനൽത്തുമ്പികൾ. സംഗീതശിൽപ്പങ്ങളും നാടകങ്ങളുമായി ഒന്നരമണിക്കൂർ ദൈർഘ്യമുള്ള അവതരണമാണ് ഇക്കുറി ബാലസംഘം വേനൽത്തുമ്പി കലാജാഥയിൽ ഒരുക്കിയിരിക്കുന്നത്. നേര്യമംഗലം സർക്കാർ പൊതുമരാമത്ത് ട്രെയ്‌നിങ് സെന്ററിൽ ഒന്നിന് ആരംഭിച്ച സംസ്ഥാന പരിശീലന ക്യാമ്പ് ഞായറാഴ്‌ച സമാപിച്ചു. സമാപന യോഗത്തിൽ പ്രസിഡന്റ് പ്രവിഷ പ്രമോദ് അധ്യക്ഷയായി. ബി കെ ഹരിനാരായണൻ രചിച്ച "സമത്വമെന്ന വാക്കെതെത്ര സുന്ദരം' പാട്ടിന്റെ നൃത്തശിൽപ്പത്തോടെയാണ് തുമ്പികൾ അരങ്ങുണർത്തുന്നത്.
മുരുകൻ കാട്ടാക്കടയുടെ "സംഗമഗാനം പാടുക നമ്മൾ' ഗാനവും കലാജാഥയിലുണ്ട്. സാഹിത്യകാരൻ എം ടി വാസുദേവൻനായരെയും ബാലസംഘത്തിന്റെ ആദ്യകാല പാട്ടുകാരൻ എം ശിവശങ്കരനെയും അനുസ്‌മരിക്കുന്ന സംഗീതശിൽപ്പങ്ങൾ, എം വി മോഹനൻ രചിച്ച പൊൻവെളിച്ചങ്ങൾ, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം വിനായക് പ്രസാദ് രചിച്ച മാനവനുണരുന്നു ഗാനത്തിന്റെ നൃത്താവിഷ്കാരം എന്നിവയും അരങ്ങിലെത്തും. സജീവൻ മൂര്യാട് എഴുതി വി കെ ജിനേഷ് ചിട്ടപ്പെടുത്തിയ കെണി, വിപിൻദാസ് പരപ്പനങ്ങാടിയുടെ ബത്തൂട്ടിയ സച്ചാട്ട, അമാസ് എസ് ശേഖറിന്റെ തല്ലുകളി, പ്രവീൺ കാടകവും എ വി രഞ്ജിത്തും ചേർന്നൊരുക്കിയ പാവങ്ങൾ എന്നീ നാടകങ്ങളും അവതരണത്തിനൊരുങ്ങി.
ചൊവ്വാഴ്‌ചമുതൽ ജില്ലാ ക്യാമ്പുകളും തുടർന്ന് 210 ഏരിയകളിൽ ഏരിയ കലാ ട്രൂപ്പുകൾക്കുള്ള പരിശീലനവും സംഘടിപ്പിക്കും. 20 മുതൽ മുഴുവൻ വില്ലേജുകളിലുമായി നാലായിരത്തോളം കേന്ദ്രങ്ങളിൽ വേനൽത്തുമ്പി കലാജാഥ പര്യടനം ആരംഭിക്കും. സമാപന യോഗത്തിൽ അക്കാദമിക് കമ്മിറ്റി കൺവീനർ ടി കെ നാരായണദാസ്, സംഘാടകസമിതി കൺവീനർ ഷാജി മുഹമ്മദ്, സംസ്ഥാന ജോയിന്റ് കൺവീനർ മീര ദർശക്, ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ്, ക്യാമ്പ് മാനേജർ എൻ കെ പ്രദീപ്കുമാർ, ബാലസംഘം ജില്ലാ പ്രസിഡന്റ് വിസ്‌മയ് വാസ്, സെക്രട്ടറി കെ കെ കൃഷ്‌ണേന്ദു, മുഹമ്മദ് അഷറഫ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ക്യാമ്പുകൾ കാസർകോട്–- ചെറുവത്തൂർ, കണ്ണൂർ–- ശ്രീകണ്ഠാപുരം, കോഴിക്കോട്–- താമരശേരി, വയനാട് –-മാനന്തവാടി, മലപ്പുറം –-വള്ളിക്കുന്ന്, പാലക്കാട്–- വടക്കഞ്ചേരി, തൃശൂർ–- പുഴയ്ക്കൽ, ഇടുക്കി–- തടിയമ്പാട്, കോട്ടയം–- ചങ്ങനാശേരി, ആലപ്പുഴ–- അരൂർ, പത്തനംതിട്ട–- റാന്നി, കൊല്ലം–- അഞ്ചൽ, തിരുവനന്തപുരം –-ആറ്റിങ്ങൽ.









0 comments