Deshabhimani

ബാലസംഘം സംസ്ഥാന സമ്മേളനം

സഖാവ്‌ നട്ടുവളർത്തി; നാടാകെ പടർന്നു

P Krishnapillai
avatar
പി പ്രകാശൻ ​

Published on Nov 25, 2026, 12:11 PM | 1 min read

കാസർകോട്‌ : 1936ൽ ദേശസേവാ ബാല ഭാരതസംഘം (ബാലസേവാ സമിതി) എന്ന കുട്ടികളുടെ ആദ്യ സംഘടന പിലിക്കോട് പിറന്നപ്പോൾ അവിടെ സഖാവ്‌ പി കൃഷ്‌ണപിള്ളയുടെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട്‌ കൊടക്കാട്‌ സമ്മേളനത്തിലും കല്യാശേരിയിലും കുട്ടികളുടെ സംഘടന രൂപീകരിച്ചപ്പോഴും നേർവഴി നയിക്കാൻ സഖാവുണ്ടായി. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളർത്തുന്നതിനൊപ്പം ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ കുട്ടികളെ അണിനിരത്താനും അവരെ രാഷ്ട്രീയബോധമുള്ളവരായി വളർത്താനും കേരളം മുഴുവൻ ഓടിനടന്നയാൾ പി കൃഷ്‌ണപിള്ളയല്ലാതെ മറ്റാരുമല്ല.


1939ൽ കൊടക്കാട്ട് നടന്ന അഭിനവഭാരത് യുവക് സംഘം, കർഷകസംഘം, മഹിളാപ്രസ്ഥാനം എന്നിവയുടെ സമ്മേളനത്തിൽ നൂറുകണക്കിന് കുട്ടികൾ ആവേശത്തോടെയെത്തി. കുട്ടികളുടെ ഉത്സാഹം കണ്ടപ്പോൾ അതിന്‌ ഒരു സംഘടിതരൂപം നൽകണമെന്ന്‌ സമ്മേളനത്തിൽ പങ്കെടുത്ത പി കൃഷ്ണപിള്ളയ്‌ക്ക് തോന്നി. അങ്ങനെയാണ്‌ അതേ വേദിയിൽ കുട്ടികളുടെ സമ്മേളനവും ചേർന്നത്‌. സമ്മേളനത്തിന്റെ അധ്യക്ഷനും കൃഷ്ണപിള്ളയായിരുന്നു. ഒരു വർഷത്തെ പ്രവർത്തനപരിപാടിയും സമ്മേളനം തയ്യാറാക്കി. എട്ടു മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സംഘം വിപുലമാക്കാനും തീരുമാനിച്ചു.


ചിറക്കൽ, കോട്ടയം, കുറുമ്പ്രനാട് തുടങ്ങി മലബാറിലെ താലൂക്കുകളിലെല്ലാം കുട്ടികളുടെ സംഘടന വളർത്തുന്നതിൽ പി കൃഷ്ണപിള്ള നടത്തിയ പരിശ്രമം പഴയ തലമുറയിലുള്ളവർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആലപ്പുഴയിലും തെക്കൻ ജില്ലകളിലും കൃഷ്ണപിള്ളയുടെ മുൻകൈയോടെ ബാലസംഘടനകൾ രൂപമെടുത്തു. കുട്ടികളുടെ സംഘടന രൂപീകരിക്കാൻ കല്യാശേരിയിൽ ചേർന്ന യോഗത്തിലും കൃഷ്ണപിള്ളയെത്തിയ കാര്യം ഇ കെ നായനാരും പരാമർശിക്കുന്നുണ്ട്‌. ഇ‍ൗ സംഘടനയിലെ നേതാക്കളും പ്രവർത്തകരുമാണ്‌ പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകരായത്‌.


1939 മേയിൽ നടന്ന ബക്കളം രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ ബാലസംഘം പ്രവർത്തകരെയും കൃഷ്ണപിള്ള രംഗത്തിറക്കി. 1943–ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി പി സി ജോഷിയും കേന്ദ്ര കമ്മിറ്റി അംഗം പി സുന്ദരയ്യയും തൂക്കുകയർ കാത്ത്‌ കഴിയുന്ന കയ്യൂർ സഖാക്കളെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിലും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ കയ്യൂരും സന്ദർശിച്ചിരുന്നു. അപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും വളപട്ടണത്തും ബാലസംഘം പ്രവർത്തകർ നേതാക്കൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി. അതിനുള്ള നിർദേശവും സംഘടിപ്പിക്കാനുള്ള സഹായവും കൃഷ്ണപിള്ളയാണ്‌ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home