ഇഡിയുടേത് ആസൂത്രിത ആക്രമണം; ഇല്ലാക്കഥകൾ മെനയുന്നു: കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് ആസൂത്രിതമായ ആക്രമണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ. നേരത്തെ സ്വർണക്കടത്ത് ഉപയോഗിച്ച് കഥകൾ മെനഞ്ഞു, പിന്നീട് ടി വീണയുടെ കമ്പനിയായ എക്സാലോജിക് വെച്ച് മറ്റൊരു കള്ളവാർത്ത പടച്ചു. ഇതെല്ലാം പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദേഹം പറഞ്ഞു. ഇപ്പോൾ ഇഡിയുടെ ആരോപണങ്ങളിലും യാതൊരു അടിസ്ഥാനവുമില്ലെന്ന രേഖകളാണ് പുറത്തുവരുന്നതും ബാലഗോപാൽ വ്യക്തമാക്കി.
ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയപ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. പഞ്ചാബിലുണ്ടായിട്ടുണ്ട്. ഡൽഹിയിലെ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി തുടങ്ങിയ ആളുകളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും കണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലും സമാനമാണ്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസുകൾ ഇപ്പോഴും തുടരുകയാണ്. ഇത്തരത്തിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. ഇടതുപക്ഷത്തെ ദുർബലമാക്കാൻ ഉള്ള ശ്രമം നടക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
ഇഡി ഈ തിരക്കഥ പെട്ടെന്ന് ഉണ്ടാക്കി വന്നതാണ് എന്ന് കരുതാനാകില്ലെന്നും അദേഹം പറഞ്ഞു. മൂന്നു മാസം മുൻപ് പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. ഈ കേസ് സംബന്ധിച്ച് കേരള സർക്കാരിന്റെ ഗ്രൗണ്ടിലേയ്ക്കാണ് ഇപ്പോൾ ഫുട്ബോൾ ഇട്ടുകൊടുത്തിരിക്കുന്നത്. ഇഡിക്ക് കേസിനകത്ത് ഇടപെടണമെങ്കിൽ സംസ്ഥാന പൊലീസ് കേസെടുക്കണം. ഇത് വലിയൊരു ആസൂത്രിതമായ നീക്കമാണെന്നും ബാലഗോപാൽ പറഞ്ഞു.









0 comments