ad
Deshabhimani

അബദ്ധത്തിൽ മിസ്ഡ് കോൾ പോയതല്ല; മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ കൂടുതൽ വാദം വെള്ളിയാഴ്ച

Rahul Mamkootathil
വെബ് ഡെസ്ക്

Published on Mar 10, 2026, 02:28 PM | 1 min read

തിരുവനന്തപുരം: രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഹർജിയിൽ കോടതി കൂടുതൽ വാദം വെള്ളിയാഴ്ച കേൾക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേൾക്കുന്നത്. ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം നൽകിയ കേസിൽ പ്രതിഭാഗം മറുപടി രേഖമൂലം ഹാജരാക്കി.


ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ രാഹുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.


അതിജീവതയുടെ ഫോണിലേക്ക് അബദ്ധത്തിൽ മിസ്ഡ് കോൾ പോയതാണെന്ന രാഹുലിന്റെ പൊള്ളയായ വാദം പ്രോസിക്യൂഷൻ തുറന്നു കാട്ടി. കോൾ ഹിസ്റ്ററിയിൽ ഇല്ലാത്ത ഒരാൾക്ക് അബദ്ധത്തിൽ മിസ് കോൾ പോകില്ല. പ്രതിയുടെ ഈ വാദം നിയമപരമായും വസ്തുതാപരമായും നില നിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടിയിൽ പറഞ്ഞു. 21കാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ കർശന വ്യവസ്ഥകളോടെയാണ് രാഹുലിന് മുൻകൂർ ജാമ്യം നൽകിയത്. പെൺകുട്ടിയുടെ പൂർണ മാനസിക ശാരീരിക സുരക്ഷ ഉറപ്പു വരുത്താനാണ് അതിജീവിതയെ ബന്ധപ്പെടാൻ ശ്രമിക്കുക പോലും പാടില്ലെന്നും കർശന വ്യവസ്ഥ വച്ചത്. കോടതിയിൽ രഹസ്യമൊഴി നൽകിയതിന്റെ അടുത്ത ദിവസം തന്നെ അതിജീവിതയെ രാഹുൽ വിളിച്ചത് ഭയപ്പെടുത്താനും അന്വേഷണ തുടർച്ച തടയാനുമാണ്. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതിനോടകം തന്നെ രണ്ട് പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ രാഹുലിനെതിരെയുള്ള പീഡന പരാതികൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home