ad
Deshabhimani

print edition ബക്കാഡി ഡീൽ; പിൻവലിക്കില്ല

V D SATHEESAN
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jun 25, 2026, 12:24 AM | 1 min read

തിരുവനന്തപുരം: കോൺഗ്രസിൽനിന്നും യുഡിഎഫിൽനിന്നും മത‍, സാമുദായിക സംഘടനകളിൽനിന്നും പ്രതിഷേധമുയർന്നിട്ടും ബക്കാഡി ഡീലിൽനിന്ന്‌ പിന്മാറാതെ മുഖ്യമന്ത്രി. ബക്കാഡിക്കുവേണ്ടി വീര്യംകുറഞ്ഞ മദ്യത്തിന്‌ നികുതി കുറയ്‌ക്കാന്‍ ശരവേഗത്തിൽ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് വി ഡി സതീശൻ. വീര്യംകുറഞ്ഞ മദ്യം സംസ്ഥാനത്ത്‌ വിൽക്കുമെങ്കിൽ ഇപ്പോൾ നിശ്‌ചയിച്ചതുതന്നെയാകും നികുതിയെന്ന്‌ ബജറ്റ്‌ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു.


തീരുമാനത്തിൽനിന്ന്‌ പിന്നോട്ടുപോയാൽ കമ്പനിയുമായയുള്ള ഡീലിലെ കള്ളക്കളികൾ വെളിപ്പെടുമെന്ന ഭീതിയിലാണ്‌ കടുംപിടിത്തം. ‘‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി തീരുമാനിച്ചു. മദ്യനയം തീരുമാനിക്കേണ്ടത്‌ യുഡിഎഫ്‌ ആണ്‌. വീര്യം കുറഞ്ഞ മദ്യം വിൽക്കാമെന്നാണ്‌ മദ്യനയത്തിലെ തീരുമാനമെങ്കിൽ ഇപ്പോൾ നിശ്‌ചയിച്ചതാകും നികുതി. മറിച്ചായാൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല’’ –മുഖ്യമന്ത്രി പറഞ്ഞു.


പുതിയ നികുതി നിർദേശത്തോടെ ബജറ്റ്‌ പാസാക്കിയാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ലേ എന്ന മുൻധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ചോദ്യത്തിന്‌ മറുപടിയില്ലായിരുന്നു. പുതുക്കിയ ബജറ്റുമായി ബന്ധപ്പെട്ട ധനബില്ലിൽ നികുതി കുറച്ച നിർദേശം ഉൾപ്പെടുമെന്നാണ്‌ സൂചന.

എക്‌സൈസ്‌ മന്ത്രിയുമായോ യുഡിഎഫിലോ ആലോചിക്കാതെയാണ് നികുതി കുറയ്‌ക്കാന്‍ സതീശൻ തീരുമാനിച്ചത്‌. നിയമസഭയിലും പുറത്തും എൽഡിഎഫ്‌ പ്രതിഷേധം ആളിപ്പടര്‍ന്നതോടെയാണ്‌ ബജറ്റ്‌ ചർച്ചയിൽ മുഖ്യമന്ത്രിക്ക്‌ മറുപടി പറയേണ്ടിവന്നത്‌. വി എം സുധീരൻ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളും രംഗത്തുവന്നു. മദ്യനയം മുന്നണി തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതോടെ ലീഗിന്റെ നിലപാട് നിര്‍ണായകമാകും.


നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബക്കാഡി കമ്പനി മൂന്നുവർഷംമുമ്പ്‌ എല്‍ഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ സര്‍ക്കാര്‍ മാറ്റിവച്ചു. ആ അപേക്ഷയാണ്‌ സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്‌തതിന്റെ പിറ്റേന്ന്‌ പരിഗണിച്ചത്‌. മദ്യത്തിന്‌ നികുതി ഇളവുനൽകുന്നത്‌ അഴിമതിക്കാണെന്ന്‌ പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ പ്രസംഗിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home