38കാരി യാത്രാമധ്യേ പ്രസവിച്ചു; രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

കാസർകോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർകോട് മാവിലാകടപ്പുറം സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചെറുവത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് നവീൻ കുമാർ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി എസ്റീന മോൾ എന്നിവർ ഉടൻ സ്ഥലത്തെത്തി യുവതിയുമായി പയ്യന്നൂർ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലൻസ് ഉദിനൂർ ലെവൽ ക്രോസിന് സമീപം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റീന മോൾ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
പുലർച്ചെ 1.32നു റീന മോളുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് റീനാമോൾ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് നവീൻ കുമാർ പയ്യന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.










0 comments