കൃഷ്‌ണയ്യർ ഭരണഘടനയെ ഉപയോഗിച്ചത് സാമൂഹ്യപരിഷ്‌കരണത്തിന്: ചീഫ് ജസ്റ്റിസ് ബി ആർ ഗവായി

ബി ആർ ഗവായി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ എം ജാംദാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുമായി വേദിയിൽ സംഭാഷണത്തിൽ
കൊച്ചി
ഭരണഘടനയെ വെറുമൊരു നിയമരേഖയായല്ല ജസ്‌റ്റിസ് വി ആർ കൃഷ്‌ണയ്യർ കണ്ടതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. സാമൂഹ്യപരിഷ്‌കരണത്തിന് കരുത്തുപകരുന്ന ചലനാത്മകമായ ഉപകരണമായാണ് അദ്ദേഹം ഭരണഘടനയെ ഉപയോഗിച്ചത്. തുല്യതയും ധാർമികതതും സഹാനുഭൂതിയും ഭരണഘടനാപരമായ ഉൾക്കാഴ്‌ചയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ. കൃഷ്‌ണയ്യർ നിയമ തത്വസംഹിതയിലെ കവിയും പൊതുജീവിതത്തിലെ ദാർശനികനുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ ഫോർ ലോ ആൻഡ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ 11–-ാമത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർസ്മാരക നിയമപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. ‘മൗലികാവകാശങ്ങളും നിർദേശക തത്വങ്ങളും സന്തുലിതമാക്കുന്നതിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പങ്ക്’എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടിയും കൃഷ്‌ണയ്യർ നിലനിന്നു. തടവുകാരെ വിചാരണകൂടാതെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ച് കൃഷ്ണയ്യർ നടത്തിയ ഇടപെടലുകൾ ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് മാതൃകയാണ്. അരികുവൽക്കരിക്കപ്പെട്ടവർക്കായി കലർപ്പില്ലാത്ത പ്രതിബന്ധത പ്രകടിപ്പിച്ച അദ്ദേഹം ജീവിതാവസാനംവരെ സാധാരണക്കാരുടെ നിയമപോരാട്ടങ്ങൾക്ക് ജീവവായു പകർന്നുവെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
അഭിഭാഷകൻ, ന്യായാധിപൻ, നിയമസഭാംഗം, മന്ത്രി തുടങ്ങിയ പദവികൾ വഹിച്ച സമയത്ത് സാമൂഹിക പ്രതിബദ്ധതയും പുരോഗമന പരിഷ്‌കരണങ്ങളും കൊണ്ടുവരാൻ കൃഷ്ണയ്യർക്ക് കഴിഞ്ഞെന്ന് ചടങ്ങിൽ അധ്യക്ഷനായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ പറഞ്ഞു.
സമൂഹത്തിലെ എല്ലാ തിന്മകൾക്കുമുള്ള പരിഹാരമായി അദ്ദേഹത്തെ ജനം കണ്ടുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുസ്‌മരണ പ്രഭാഷണത്തിൽ പറഞ്ഞു. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷൻ പ്രസിഡന്റ് ജസ്‌റ്റിസ് കെ ബാലകൃഷ്‌ണൻനായർ, സെക്രട്ടറി സനന്ദ് രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.








0 comments