ജിബൂട്ടിയില്‍ അഭയാർഥികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണം 139 ആയി

ജിബൂട്ടി സിറ്റി : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടി തീരത്ത് മുന്നൂറിലധികം അഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 139 ആയി. 84പേരെ കാണാതായിട്ടുണ്ട്. എൺപതിലധികം പേർ രക്ഷപ്പെട്ടു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) അറിയിച്ചു.
അധികൃതർ ഔദ്യോഗികമായി മറവുചെയ്ത മൃതദേഹങ്ങളുടെ കണക്കാണിത്. മറ്റു ചിലരെ സഹയാത്രികരായ കുടിയേറ്റക്കാർ തന്നെ മറവുചെയ്തിട്ടുണ്ട്. പേരുവിവരങ്ങൾ പോലുമില്ലാതെയാണ് ഇവരെ കൂട്ടക്കല്ലറയിൽ സംസ്‌കരിച്ചത്. ജിബൂട്ടിയിലെ ഒബോക്ക് നഗരത്തിന്റെ വടക്കൻ മേഖലയിൽ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയിലാണ് അപകടമുണ്ടായത്. ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകട കാരണം. ജിബൂട്ടിയിൽ നിന്ന് യമനിലേക്ക് പോകുകയായിരുന്നു ബോട്ട്.
സുരക്ഷിതമായ ജീവിതം തേടി ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള പതിനായിരങ്ങളാണ് ജിബൂട്ടി വഴിയും ബാബ് അൽ-മന്ദേബ് കടലിടുക്ക് വഴിയും ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. യമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണെങ്കിലും അങ്ങോട്ടെയ്ക്കുള്ള കുടിയേറ്റം തുടരുകയാണെന്നും ഐഒഎം അറിയിച്ചു.









0 comments